ഇംഫാൽ: മണിപ്പൂരിൽ വീണ്ടും തുടങ്ങിയ അക്രമ സംഭവങ്ങൾക്ക് ശേഷം സ്ഥിതി ശാന്തമായിരുന്നെങ്കിലും ഇന്നലെ ഒരാൾ കൊല്ലപ്പെട്ടു. ബിഷ്ണുപൂർ ജില്ലയിലുണ്ടായ വിവിധ അക്രമ സംഭവങ്ങൾക്കിടെയാണ് മരണം. രണ്ട് പേർക്ക് പരിക്കുണ്ട്. സംഘർഷത്തിൽ മുൻ ബി.ജെ.പി എം.എൽ.എയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന തെൽവം തംഗ്സലാങ് ഹാവോകിപ് ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഫൗബക്ചൗ പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. മൂന്ന് വീടുകൾ കത്തിച്ചതോടെയാണ് സംഘർഷത്തിന് തുടക്കം. പ്രതികാരമായി എതിർ സമുദായത്തിലുൾപ്പെടുന്നവർ നാല് വീടുകൾ കത്തിച്ചു. സംഘർഷാവസ്ഥ കണക്കിലെടുത്ത് ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്ര്, ഇംഫാൽ വെസ്റ്ര് ജില്ലകളിലെ കർഫ്യു ഇളവ് റദ്ദാക്കി. പുലർച്ചെ 5 മണി മുതൽ വൈകിട്ട് നാല് വരെയായിരുന്നു ഇളവ് നല്കിയിരുന്നത്.
ഇന്നലെ പുലർച്ചെ ബിഷ്ണുപൂർ, മൊയ്റാംഗ് ജില്ലകളിലെ ചില ഗ്രാമങ്ങളിൽ ആയുധധാരികളായ യുവാക്കൾ എത്തുകയും ഇതിനിടെ തോയിജം ചന്ദ്രമണി എന്നയാൾക്ക് വെടിയേൽക്കുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിക്ക് സമീപം സംഘർഷാവസ്ഥയുണ്ടായെങ്കിലും പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചു.അക്രമം നിയന്ത്രിക്കാൻ കൂടുതൽ കേന്ദ്ര സേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എൻ. ബീരേൻ സിംഗ് അറിയിച്ചു. ഈ മാസം നാലിന് മണിപ്പൂരിലുണ്ടായ സംഘർഷാവസ്ഥയ്ക്ക് ശേഷം ശാന്തമായ അന്തരീക്ഷമുണ്ടാകുകയും കർഫ്യു ഇളവുകൾ വരികയും ചെയ്തതിന് ശേഷമാണ് സ്ഥിതിഗതികൾ വീണ്ടും മാറിമറിഞ്ഞത്.