ഇംഫാൽ: കലാപകാരികൾ അഴിഞ്ഞാടിയ മണിപ്പുരിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 56 ആയി. സർക്കാരിന്റെ പ്രധാന ആശുപത്രി മോർച്ചറികളിൽ സൂക്ഷിക്കുന്ന മൃതദേഹങ്ങളുടെ എണ്ണമാണ് ഇത്. മലയോരമേഖലകളില്‍ ഏറ്റുമുട്ടൽ തുടരുന്നതിനാൽ മരണസംഖ്യ ഉയരും. സംഘർഷഭരിതമായ മണിപ്പൂരിലേക്ക് കേന്ദ്രസർക്കാർ കൂടുതൽ സേനയെ അയച്ചു.
അതേസമയം മണിപ്പുർ മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് സർവകക്ഷിയോഗം നടത്തിയിരുന്നു. ചിലയിടങ്ങളിൽ ഇടയ്ക്കിടെ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടെങ്കിലും സുരക്ഷാ സേന ക്രമസമാധാനം നിലനിർത്തുന്നത് തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.മണിപ്പൂരിലെ സംഘർഷത്തിൽ സർക്കാർ പുറത്തുവിട്ട കണക്കുകളിൽ ഉള്ളതിനേക്കാൾ ഏറെ ആളുകൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
ചുരാചന്ദ്പുർ, മോരേഹ്, കാക്ചിംഗ്, കാംഗ്പോക്പി ജില്ലകൾ പൂർണമായും സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. ഇംഫാൽ നഗരത്തിന്റെ പലയിടങ്ങളിലും കത്തിച്ച വാഹനങ്ങളും തർക്കപ്പെട്ട കെട്ടിടങ്ങളുമാണ്. നഗരത്തിലെ പല വ്യവസായകേന്ദ്രങ്ങളും കടകളും അക്രമികൾ തകർത്തു.കാൽലക്ഷംപേർ അഭയാർഥി ക്യാമ്പിലാണ്. ഭക്ഷണത്തിനടക്കം ക്ഷാമം നേരിടുന്നുണ്ട്. ഇന്ധനം കിട്ടാതായി. എടിഎമ്മുകൾ കാലിയായി. ഇംഫാലിലെ റീജിയണൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ (റിംസ്) 22, ജവാഹർലാൽ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 12, ചുരാചന്ദ്പുർ ജില്ലാ ആശുപത്രിയിൽ 12 വീതം മൃതദേഹങ്ങളുണ്ട്. .ഇംഫാൽ താഴ്വരയിലെ കുക്കി ജനവാസകേന്ദ്രം പൂർണമായി തകർത്തു.