മണിപ്പൂരിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ, 16 പേർ അറസ്റ്റിൽ

ഷില്ലോങ്: മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മേഘാലയയിലും കുക്കി, മെയ്തി വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ. ഇരു വിഭാഗങ്ങളിൽ നിന്നായി 16 പേരെ പൊലീസ് അറസ്റ്റ് ചെയതു. മിസോ മോർഡൻ സ്‌കൂളിന് സമീപമുള്ള നോൺഗ്രിം ഹിൽസിലാണ് സംഘർഷമുണ്ടായത്. കലാപമുണ്ടാക്കാനും അക്രമം സൃഷ്ടിക്കാനും ആരെങ്കിലും ശ്രമിച്ചാൽ ക്രമസമാധാനപാലനത്തിന്റെ ഭാഗമായി കർശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ഗോത്ര വിഭാഗത്തിമല്ലാത്ത മെയ്തി സമുദായത്തെ പട്ടിക വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തെ എതിർത്ത് നാഗാ, കുക്കി ഗോത്രവർഗക്കാർ സംഘടിപ്പിച്ച ഐക്യദാർഢ്യ മാർച്ചിലാണ് സംഘർഷമുണ്ടായത്. ഒറ്റരാത്രികൊണ്ട് സംഘർഷം തീവ്രമാകുകയായിരുന്നു. സംഘർഷം രൂക്ഷമായ മണിപ്പൂരിൽ സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി ഇന്ത്യൻ സൈന്യത്തെയും അസം റൈഫിൾസിനെയും ആറ് ജില്ലകളിലായി വിന്യസിപ്പിച്ചിരുന്നു. വംശീയ അക്രമം തടയുന്നതിനുവേണ്ടി വെടിയുയര്‍ത്തുന്നതിന് മണിപ്പൂര്‍ ഗവര്‍ണര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇംഫാൽ കിഴക്ക്, പടിഞ്ഞാറൻ ജില്ലകളിൽ ഇടയ്ക്കിടെ തീവെപ്പ് സംഭവങ്ങൾ ഉണ്ടായി. കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെയാണ് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

ഇംഫാലിന്റെ മിക്ക ഭാഗങ്ങളിലും രാത്രി വൈകിയും പൊലീസ് കണ്ണീര്‍ വാതക ഷെല്ലാക്രമണം നടത്തിയിരുന്നു. അക്രമത്തില്‍ മരണവും നാശനഷ്ടവും ഉണ്ടായിട്ടുണ്ടെന്നും വിഭാഗങ്ങള്‍ തമ്മിലുണ്ടായ തെറ്റിദ്ധാരണയാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമായതെന്നും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. പിന്നീട് മുഴുവന്‍ സേനയുടേയും സംയുക്ത പ്രവര്‍ത്തനങ്ങളിലൂടെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാൻ സാധിക്കുകയും ചെയ്തു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും വീഡിയോ കോൺഫറൻസ് യോഗത്തിലൂടെ മണിപ്പൂരിലെ സ്ഥിതിഗതികൾ തുടർച്ചയായി അവലോകനം ചെയ്തു. അക്രമം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സായുധ പൊലീസ് സേനയുടെ പത്തിലധികം സംഘങ്ങളെ ആഭ്യന്തര മന്ത്രാലയം മണിപ്പൂരിലേക്ക് അയച്ചിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *