ബംഗളൂരു: കർണാടക മുഖ്യമന്ത്രിയുടെ കാര്യത്തിൽ സസ്പെൻസ് തുടരുന്നു. മുഖ്യമന്ത്രിയായി ആര് വേണമെന്ന കാര്യം തീരുമാനിക്കാൻ കോൺഗ്രസ് നിമയസഭാ കക്ഷി യോഗം ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ചമുതലപ്പെടുത്തി. നിലവിൽ സിദ്ധരാമയ്യ, ഡികെ ശിവകുമാർ എന്നിവരിൽ ഒരാൾക്കായിരിക്കും നറുക്ക് വീഴുക.
നേരത്തെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്നായിരുന്നു ഖാർഗെ പറഞ്ഞത്. എന്നാൽ തീരുമാനം എടുക്കാൻ ഖാർഗെയെ ചുമതലപ്പെടുത്തിയതായി നിയമസഭാ യോഗത്തിൽ പ്രമേയം പാസാക്കി. അതിനിടെ മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വോട്ടെടുപ്പ് നടത്തിയേക്കുമെന്നും റിപ്പോർട്ടുണ്ട്. എംഎൽഎമാർക്കിടയിലെ വോട്ടെടുപ്പ് ഫലം നിരീക്ഷകർ മല്ലികാർജുൻ ഖാർഗയെ അറിയിക്കും. മൂന്ന് നിരീക്ഷകരാണുള്ളത്. ഇവർ എംഎഎൽഎമാരുമായി ഒറ്റയ്ക്ക് ഒറ്റയ്ക്ക് ചർച്ച നടത്തും.
മുൻതൂക്കം നിലവിൽ സിദ്ധരാമയ്യക്കാണ്. എന്നാൽ ഡികെ ശിവകുമറും വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടില്ല. സത്യപ്രതിജ്ഞ വ്യാഴാഴ്ച നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും അന്നു തന്നെ സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇന്നലെ സിദ്ധരാമയ്യക്കും ഡികെ ശിവകുമാറിനും വേണ്ടി മുദ്രാവാക്യം വിളികളുമായി അനുയായികൾ യോഗം നടക്കുന്ന സ്വകാര്യ ഹോട്ടലിന് സമീപം തടിച്ചുകൂടിയിരുന്നു.