കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ട് മലപ്പുറം ജില്ലാ കളക്ടര്‍ ഇന്ന് ഹൈക്കോടതിയിൽ സമര്‍പ്പിക്കും. സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ഉച്ചയ്ക്ക് 1.45ന് ജസ്റ്റീസുമാരായ ദേവന്‍ രാമചന്ദ്രന്‍, സോഫി തോമസ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുക.
താനൂരിൽ ഏറെ വേദനിപ്പിക്കുന്ന സംഭവമാണ് ഉണ്ടായതെന്ന് കഴിഞ്ഞദിവസം വിഷയം പരിഗണിക്കവെ കോടതി പറഞ്ഞിരുന്നു. കുട്ടികളടക്കം 22 പേരാണ് ദുരന്തത്തില്‍ മരിച്ചത് ഇത് കണ്ട് കണ്ണടച്ചിരിക്കാനാവില്ലെന്നും സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി പറഞ്ഞിരുന്നു.സംഭവത്തിന്‍റെ ഉത്തരവാദി ബോട്ട് ഓപ്പറേറ്റര്‍ മാത്രമല്ല. അയാള്‍ക്ക് മറ്റ് പല ഭാഗത്തുനിന്നും പിന്തുണ കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ഉത്തരവാദികളായവര്‍ ആരൊക്കെയാണെന്ന് കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.
ഇത്തരം സംഭവം കേരളത്തില്‍ ആദ്യമായല്ല ഉണ്ടാകുന്നത്. നിരവധി അന്വേഷണങ്ങളും കണ്ടെത്തലുകളും പരിഹാരനിര്‍ദേശങ്ങളും മുമ്പും ഉണ്ടായിട്ടുണ്ട്. എന്നാല്‍ സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയാണെന്നും കോടതി വിമര്‍ശിച്ചു.