മഹാകവി പി കുഞ്ഞിരാമൻ നായരുടെ വേർപാടിന് 45വർഷം. 1978 മെയ് 27ന് തിരുവനന്തപുരത്തെ സി പി സത്രത്തിൽ ഹൃദയാഘാതത്താലാണ് അന്തരിക്കുന്നത്. സ്വന്തം ജീവിതം ക്രമപ്പെടുത്തിയെടുക്കുന്നതിനേക്കാൾ കവിതാരചനയുമായി ഊരുചുറ്റുന്നതിലായിരുന്നു കുഞ്ഞിരാമൻ നായർക്കു താൽപര്യം.
കവിത, നാടകം, ജീവചരിത്രം, പ്രബന്ധം, ആത്മകഥ, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി അറുപതിലേറെ കൃതികൾ രചിച്ചു. ആത്മകഥാപരമായ കവിയുടെ കാൽപ്പാടുകൾ, എന്നെ തിരയുന്ന ഞാൻ, നിത്യകന്യകയെത്തേടി എന്നിവ മലയാളഭാഷയിലെ കവിത തുളുമ്പുന്ന ഗദ്യങ്ങളാണ്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പനയന്തട്ട അടിയോടി വീട്ടിൽ 1905 ഒക്ടോബർ നാലിനാണ് കുഞ്ഞിരാമൻ നായർ ജനിച്ചത്. അച്ഛൻ- പുറവങ്കര കുഞ്ഞമ്പുനായർ, അമ്മ:- കുഞ്ഞമ്മയമ്മ. വെള്ളിക്കോത്ത് പ്രൈമറി സ്കൂളിലും പുന്നശ്ശേരി നമ്പിയുടെ ശിഷ്യനായി പട്ടാമ്പി സംസ്കൃത കോളേജിലും തഞ്ചാവൂർ സംസ്കൃത പാഠശാലയിലും പഠനം. പാലക്കാട് ജില്ലയിലെ ശബരി ആശ്രമം സ്കൂൾ, കൂടാളി ഹൈസ്കൂൾ, കൊല്ലങ്കോട് രാജാസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പി സ്‌മാരക ട്രസ്‌റ്റും മഹാകവി പി സ്‌മാരക സാംസ്‌കാരിക മ്യൂസിയവും ഗ്രന്ഥശാലയും ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്.