തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന 19 തദ്ദേശ വാർഡുകളിലെ ഫലം പുറത്തുവന്നപ്പോൾ എൽഡിഎഫിന് മേൽക്കൈ. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ യുഡിഎഫ് 8 ഇടത്ത് ജയിച്ചു. ഒരിടത്ത് എൻഡിഎ സ്ഥാനാർത്ഥിയാണ് വിജയിച്ചത്. നാലു വാർഡുകൾ എൽഡിഎഫ് പിടിച്ചെടുത്തപ്പോൾ മൂന്നു സീറ്റുകൾ യുഡിഎഫും പിടിച്ചെടുത്തു.എറണാകുളം ജില്ലയിലെ നെല്ലിക്കുഴിയിലും കൊല്ലം ജില്ലയിലെ അഞ്ചലിലും ബിജെപി സീറ്റുകളാണ് ഇടതുമുന്നണി പിടിച്ചെടുത്തത്.
കോട്ടയം പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലത്ത് ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം വാർഡിൽ എൽഡിഎഫിലെ ബിന്ദു അശോകൻ 12 വോട്ടിന് ജയിച്ചു. ബിന്ദു അശോകന് 264ഉം കോൺഗ്രസിലെ മഞ്ജു ജയ്മോന് 252 വോട്ടും ലഭിച്ചു. പി.സി.ജോർജിന്റെ ജനപക്ഷത്തിന്റെ സിറ്റിങ് സീറ്റായിരുന്നു ഇത്. ബിജെപി പിന്തുണയോടെ മത്സരിച്ച ജനപക്ഷം സ്ഥാനാർഥി ശാന്തി ജോസിന് 239 വോട്ടു മാത്രമാണു ലഭിച്ചത്.
അഞ്ചൽ പഞ്ചായത്തിലെ തഴമേൽ വാർഡ് 14ൽ ബിജെപിയുടെ സിറ്റിങ് സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. എൽഡിഎഫ് സ്ഥാനാർത്ഥി ജി സോമരാജൻ 264 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപിയെ തറപറ്റിച്ചത്. യുഡിഎഫ് മൂന്നാം സ്ഥാനത്തായി.ബിജെപിയിലെ ആഭ്യന്തരപ്രശ്നത്തെ തുടർന്ന് വാർഡംഗം രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. പട്ടികജാതി സംവരണ സീറ്റാണ്. ഇതിനു പുറമേ കോഴിക്കോട് പുതുപ്പാട് കണലാട് വാർഡ്, എറണാകുളം നെല്ലിക്കുഴി ആറാം വാർഡ്, അഞ്ചൽ തഴമേൽ,പാലക്കാട് കാഞ്ഞിരപ്പുഴ കല്ലമല വാർഡ് എന്നിവ എൽഡിഎഫ് പിടിച്ചെടുത്തു.
പത്തനംതിട്ട മൈലപ്ര 5–ാം വാർഡ് എൽഡിഎഫിൽനിന്ന് യുഡിഎഫ് പിടിച്ചെടുത്തു. കോൺഗ്രസിന്റെ ജെസ്സി വർഗീസ് 76 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സിപിഎമ്മിലെ ചന്ദ്രികാ സുനിലിന്റെ മരണത്തെ തുടർന്നായിരുന്നു വോട്ടെടുപ്പ്. ചെറുതാഴം പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന കക്കോണി വാർഡിൽ യുഡിഎഫിനു വിജയം. എൽഡിഎഫിൽനിന്നും വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ കോൺഗ്രസ് സ്ഥാനാർഥി യു.രാമചന്ദ്രൻ 80 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യുഡിഎഫിന്റെ യു.രാമചന്ദ്രന് 589 വോട്ടും എൽഡിഎഫിലെ സിപിഎം സ്ഥാനാർഥി സി. കരുണാകരന് 509 വോട്ടും ലഭിച്ചു. സിപിഎം അംഗമായിരുന്ന ക കൃഷ്ണന്റെ മരണത്തെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സിപിഎം ജയിച്ചത്.
കോട്ടയം നഗരസഭ പുത്തൻതോട് വാർഡിൽ യുഡിഎഫിലെ സൂസൻ കെ.സേവ്യർ 75 വോട്ടുകൾക്കു വിജയിച്ചു. എൽഡിഎഫിലെ സുകന്യ സന്തോഷ് 521ഉം ബിജെപിയിലെ ആൻസി സ്റ്റീഫൻ 312 വോട്ടു നേടി. നഗരസഭയിൽ യുഡിഎഫിനും എൽഡിഎഫിനും 22 അംഗങ്ങൾ വീതമാണുള്ളത്. മണിമല പഞ്ചായത്ത് മുക്കട വാർഡിൽ എൽഡിഎഫ് സീറ്റ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർഥി സുജ ബാബു യുഡിഎഫിന്റെ പ്രയ്സ് ജോസഫ് ഏബ്രഹാമിനെ 127 വോട്ടുകൾക്കു പരാജയപ്പെടുത്തി.
തിരുവനന്തപുരം കോർപറേഷനിലെ മുട്ടട വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ അജിത് രവീന്ദ്രൻ 203 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അജിത് രവീന്ദ്രന് 1228 വോട്ടുകൾ ലഭിച്ചപ്പോൾ കോൺഗ്രസിലെ ആർ.ലാലൻ 1025 വോട്ടുകൾ നേടി. സിപിഎമ്മിലെ ടി.പി.റിനോയിയുടെ മരണത്തെ തുടർന്നാണു ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കിളിമാനൂരിനു സമീപം പഴയകുന്നുമ്മേൽ പഞ്ചായത്തിലെ കാനറ വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എ.അപർണ 12 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. എതിരാളിയായ സിപിഎമ്മിലെ വി.എൽ.രേവതി 548 വോട്ട് നേടിയപ്പോൾ അപർണയ്ക്ക് 560 വോട്ടാണു ലഭിച്ചത്. പഞ്ചായത്ത് അംഗമായിരുന്ന കോൺഗ്രസിലെ എസ്.ശ്രീലതയുടെ മരണത്തെ തുടർന്നാണ് തിരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2020ൽ ശ്രീലതയുടെ വിജയം 6 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു.
ലക്കിടി പേരൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്വതന്ത്രൻ സീറ്റ് നിലനിർത്തി. സ്വതന്ത്രനായി മത്സരിച്ച ടി.മണികണ്ഠൻ വിജയിച്ചു. ചേർത്തല നഗരസഭ വാർഡ് 11ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രൻ എ.അജി 310 വോട്ടിന് വിജയിച്ചു. അജിയ്ക്ക് 588, ബിജെപി സ്ഥാനാർഥി പ്രേം കൂമാർ കാർത്തികേയൻ 278, യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. എ.അജി 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.ചേർത്തല നഗരസഭ വാർഡ് 11ൽ ഇടതു സ്വതന്ത്രൻ എ.അജി 310 വോട്ടിന് വിജയിച്ചു. അജിയ്ക്ക് 588, ബിജെപി സ്ഥാനാർഥി പ്രേം കൂമാർ കാർത്തികേയന് 278 , യുഡിഎഫ് സ്ഥാനാർഥി കെ.ആർ. രൂപേഷിന് 173 എന്നിങ്ങനെയാണ് വോട്ടുകൾ ലഭിച്ചത്. എ.അജി 310 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
എറണാകുളം ജില്ലയിൽ ഉപതിരഞ്ഞെടുപ്പു നടന്ന ഏക വാർഡിൽ എൽഡിഎഫിനു വിജയം. നെല്ലിക്കുഴി പഞ്ചായത്ത് ആറാം വാർഡ് (തുളുശേരികവല) എൽഡിഎഫ് പിടിച്ചെടുത്തതു ബിജെപിയിൽ നിന്ന്. 99 വോട്ടിനാണു സിപിഎമ്മിലെ അരുൺ സി. ഗോവിന്ദിന്റെ വിജയം. സംസ്ഥാനത്ത് നടന്ന 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ 76.51 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു. 11,457 പുരുഷന്മാരും 13,047 സ്ത്രീകളും ഉൾപ്പെടെ ആകെ 24,504 വോട്ടർമാരാണ് വോട്ട് ചെയ്തത്. ഒൻപത് ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ആകെ 60 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു.