തിരുവനന്തപുരം : എല്ലാ കുട്ടികള്‍ക്കും പ്രവേശനം ലഭിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എല്ലാ വിദ്യാര്‍ഥികള്‍ക്കും പഠിക്കാന്‍ അവസരം ഉണ്ടാകും. കഴിഞ്ഞവര്‍ഷം സീറ്റ് കൂട്ടിയിരുന്നു ഇക്കൊല്ലം അത് തുടരും. കഴിഞ്ഞവര്‍ഷം 20 ശതമാനം സീറ്റുകള്‍ക്ക് പുറമേ 81 അധിക ബാച്ചുകളും അനുവദിച്ചിരുന്നു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കും ക്യാബിനറ്റ് തീരുമാനം വേണം നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.
നിലവിലെ സീറ്റുകള്‍ പരിശോധിക്കുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ പ്ലസ് വണ്‍ സീറ്റുകളുടെ പട്ടിക തയ്യാറാക്കും. കുട്ടികളെ ബുദ്ധിമുട്ടിക്കാത്ത വിധം ക്രമീകരണം ഒരുക്കും. ജൂലൈ അഞ്ചാം തീയതി ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ക്ലാസുകള്‍ തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് കുട്ടികള്‍ക്ക് പഠിക്കാന്‍ അഞ്ചുമാസം അധികം ലഭിക്കും. പാഠപുസ്തക വിതരണം ഏതാണ്ട് പൂര്‍ത്തിയായി. യൂണിഫോം വിതരണവും പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.