കൊച്ചി: ലൈഫ് മിഷന് കേസില്‍ എം. ശിവശങ്കറിന്റെ ഇടക്കാല ജാമ്യപേക്ഷ വിചാരണക്കോടതി തള്ളി. ചികിത്സാ ആവശ്യത്തിനാണ് ശിവശങ്കര്‍ കോടതിയെ സമീപിച്ചത്. ലൈഫ് മിഷന് കേസില്‍ മൂന്നര മാസത്തോളമായി ശിവശങ്കര്‍ ജയിലിലാണ്. നേരത്തെ ശിവശങ്കറിന്റെ ജാമ്യപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. നിലവില്‍ ജാമ്യപേക്ഷ സുപ്രീം കോടതിയിലാണ്. ജൂലൈ മാസത്തിലാണ് കോടതി ഇത് പരിഗണിക്കുക.
എന്നാല്‍ ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്കായി ഇടക്കാല ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിന്‍പ്രകാരമാണ് ശിവശങ്കര്‍ വിചാരണക്കോടതിയെ സമീപിച്ചത്.എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഈ ആവശ്യത്തെ എതിര്‍ത്തു. ശിവശങ്കറിന് ആവശ്യമുള്ള ചികിത്സ നല്‍കുന്നുണ്ടെന്നും പ്രതിക്ക് തന്റേതായ രീതിയില്‍ പുറത്ത് പോകണമെന്നാണ് ആവശ്യപ്പെടുന്നതെന്നും അത് തെളിവുകള്‍ നശിപ്പിക്കാനായിട്ടാണെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു. ഈ വാദം കണക്കിലെടുത്ത കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. ലൈഫ് മിഷന് കേസിലെ ഏഴാം പ്രതി സന്തോഷ് ഈപ്പന് തനിക്ക് യുഎസില്‍ പോകാന്‍ പാസ്പോര്‍ട്ട് വിട്ടുനല്‍കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയിരുന്നു. ഈ അപേക്ഷയും വിചാരണക്കോടതി തള്ളി.