ഇടതുമുന്നണി യോഗത്തില്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരെ രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും വിമര്‍ശനവുമായി എം.എല്‍.എ. കെ.ബി. ഗണേഷ്‌കുമാര്‍. എല്‍.ഡി.എഫില്‍ കൂടിയാലോചനകളും ആരോഗ്യകരമായ ചര്‍ച്ചകളും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനം ലഭിക്കുമെന്ന് കരുതി ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘എല്‍.ഡി.എഫില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. ഉള്ള കാര്യം എന്തിനാണ് മറയ്ക്കുന്നത്. ആര്യോഗ്യകരമായ കൂടിയാലോചനകള്‍ കുറവാണ്. അജന്‍ഡകള്‍ നിശ്ചയിച്ച് ചര്‍ച്ചകള്‍ നടത്തുന്നത് നല്ലതാണ്. എന്നാല്‍, അതിന് പുറത്തുള്ള കാര്യങ്ങള്‍ ഉന്നയിച്ചുകഴിഞ്ഞാല്‍ ചര്‍ച്ച വേണം.’- ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടു.
കസേരകിട്ടുമെന്ന് പറഞ്ഞോ സമ്മാനം കിട്ടുമെന്ന് പറഞ്ഞോ ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കാതിരിക്കാനും സത്യം പറയാതിരിക്കാനും കഴിയില്ല. തനിക്കൊരു മന്ത്രിസ്ഥാനം കിട്ടുമെന്ന് പറഞ്ഞോ പദവി കിട്ടുമെന്ന് പറഞ്ഞോ തന്‍റെ പാര്‍ട്ടിയിലെ നേതാക്കന്മാരേയും ജനങ്ങളേയും വഞ്ചിച്ച് ഒരിക്കലും പ്രവര്‍ത്തിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘കേരളാ കോണ്‍ഗ്രസ് ബി. ഗണേഷ്‌കുമാര്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയെന്നല്ല, രാഷ്ട്രീയപ്പാര്‍ട്ടിയായി വളരുക എന്നുള്ളതാണ്. എനിക്ക് ശേഷം പ്രളയമല്ല എന്ന് ഞാന്‍ വിശ്വസിക്കുകയാണ്. വിദ്യാസമ്പന്നരായ ചെറുപ്പക്കാരേയും കഴിവുള്ളവരുമായ ഒരുപാട് നേതാക്കന്മാരേയും പ്രോത്സാഹിപ്പിച്ച് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് ഞാന്‍ പാര്‍ട്ടിയുടെ ചെയര്‍മാനായ ശേഷം ഒരുവര്‍ഷത്തെ നേട്ടമായി കരുതുന്നത്.’- എം.എല്‍.എ. കൂട്ടിച്ചേര്‍ത്തു.