കൊല്ലം : വൈദ്യ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിലെത്തിച്ച സ്കൂൾ അധ്യാപകന്റെ കുത്തേറ്റ് വനിതാ ഡോക്ടർ കൊല്ലപ്പെട്ടു. മറ്റ് 2 പേർക്കു കുത്തേറ്റു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ കോട്ടയം മാഞ്ഞൂർ സ്വദേശിനി ഡോ. വന്ദന (22) ആണ് മരിച്ചത്. ഇന്നു പുലർച്ചെ നാലരയോടെയാണു സംഭവം.
പ്രതി നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകനായ കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) പൊലീസ് അറസ്റ്റു ചെയ്തു. പരുക്കുകളോടെ ഇയാളെ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർക്ക് മുതുകിൽ ആറു കുത്തേറ്റുവെന്ന് പരിശോധിച്ച ഡോക്ടർമാർ അറിയിച്ചു. ഡോക്ടർ ഉൾപ്പെടെ മൂന്നുപേരെയാണ് പ്രതി കുത്തിയത്. രണ്ടുപേരെ അടിക്കുകയും ചെയ്തു.
ഡോക്ടർ വന്ദന മേനോൻ, ആശുപത്രി ഗാർഡായ മണിലാൽ, ഹോം ഗാർഡ് ആയ അലക്സ് കുട്ടി എന്നിവർക്കാണ് കുത്തേറ്റത്. പിന്നാലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഡോക്ടർ മരിച്ചു. ശ്രീനിലയം കുടവട്ടൂർ സന്ദീപ്(42) ആണ് ആക്രമിച്ചത്. ഇന്നു പുലര്‍ച്ചെ നാലരയ്ക്ക് സന്ദീപിനെ ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെയായിരുന്നു അക്രമം.
നെടുമ്പന യുപി സ്കൂളിലെ അധ്യാപകനാണ് പ്രതി. ഡീ അഡിക്‌ഷൻ സെന്ററിൽനിന്ന് എത്തിയ ആളാണ്. സന്ദീപും വീടിന് അടുത്തുള്ളവരുമായി നടത്തിയ അടിപിടിയില്‍ കാലിനു മുറിവേറ്റിരുന്നു. തുടര്‍ന്ന് സന്ദീപിനെ കൊട്ടാരക്കര ആശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടുന്നതിനിടെ സന്ദീപ് അവിടെയുണ്ടായിരുന്ന കത്രികയെടുത്ത് ഡോക്ടറെ കുത്തുകയായിരുന്നു. പൂയപ്പള്ളി പൊലീസ് ആണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയ്ക്കിടെ ഇയാൾ വീണ്ടും അക്രമാസക്തനാകുകയായിരുന്നു.