യൂണിയനുകൾക്ക് കേന്ദ്രം വഴങ്ങുന്നു, നാല് ലേബർ കോഡുകൾ നടപ്പാക്കൽ ഈ വർഷമില്ല

ന്യൂഡൽഹി: തൊഴിലാളികളുടെ വ്യാപക എതിർപ്പിനു വഴിവെച്ച നാല് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാൻ കേന്ദ്രസർക്കാർ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പായി ലേബർ കോഡുകൾ നടപ്പാക്കാനിടയില്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.കർഷകസമരംകാരണം 2021-ൽ കാർഷിക നിയമങ്ങൾ പിൻവലിക്കേണ്ടിവന്നതുപോലെ, തൊഴിലാളിസമരംകാരണം ലേബർ കോഡുകൾ പിൻവലിക്കേണ്ടിവരുമോയെന്ന ആശങ്കയും സർക്കാരിനുണ്ട്.

തിരഞ്ഞെടുപ്പിനോടടുക്കവെ അത്തരമൊരു സാഹചര്യം ഒഴിവാക്കാൻകൂടിയാണ് ലേബർ കോഡുകൾ നടപ്പാക്കുന്നത് നിർത്തിവെക്കാനുള്ള സർക്കാർനീക്കമെന്നും സൂചനയുണ്ട്. തൊഴിലാളിസംഘടനകൾ എതിർക്കുന്നതിനാൽ ലേബർ കോഡ് നടപ്പാക്കുന്നത് സമരത്തിലേക്കു നയിച്ചേക്കുമെന്നും അതു വ്യവസായമേഖലയിൽ സ്തംഭനാവസ്ഥയ്ക്ക് കാരണമായേക്കുമെന്നും ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നു.നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ഈ സാമ്പത്തികവർഷം പുതിയ ലേബർ കോഡുകൾ നടപ്പാക്കാമെന്നായിരുന്നു നേരത്തേ സർക്കാരിന്റെ കണക്കുകൂട്ടൽ.

പൊതുപട്ടികയിൽ (കൺകറന്റ് ലിസ്റ്റ്) സംസ്ഥാനത്തിനുകൂടി അധികാരമുള്ള വിഷയമായതിനാൽ കേന്ദ്രസർക്കാരിനു മാത്രമായി ലേബർ കോഡുകൾ നടപ്പാക്കാനാവില്ല. ചില സംസ്ഥാനങ്ങൾ ഇനിയും പുതിയ തൊഴിൽചട്ടങ്ങൾ പുറത്തിറക്കിയിട്ടില്ല. മാത്രമല്ല, വിഷയത്തിൽ തൊഴിലാളിസംഘടനകളുമായി തൊഴിൽമന്ത്രാലയത്തിന്റെ ചർച്ച പൂർത്തിയായിട്ടുമില്ല. ജോലിസമയം വർധിപ്പിക്കുന്നതും യൂണിയനുകളുടെ പ്രവർത്തനത്തിനു നിയന്ത്രണം കൊണ്ടുവരുന്നതുമടക്കം ലേബർ കോഡുകളിലെ പല വ്യവസ്ഥകളും തൊഴിലാളിവിരുദ്ധമാണെന്നാണ് തൊഴിലാളിസംഘടനകളുടെ നിലപാട്. സംഘപരിവാറിന്റെ തൊഴിലാളിസംഘടനായ ബി.എം.എസ്. അടക്കമുള്ള യൂണിയനുകൾ ലേബർ കോഡുകളെ എതിർക്കുന്നുണ്ട്.

നാല്‌ ലേബർ കോഡുകൾ

മുമ്പ് രാജ്യത്തുണ്ടായിരുന്ന 29 തൊഴിൽനിയമങ്ങൾക്കു പകരം കേന്ദ്രസർക്കാർ കൊണ്ടുവന്ന നാല് ലേബർ കോഡുകൾ 2019, 2020 വർഷങ്ങളിലാണ് പാർലമെന്റിൽ പാസാക്കിയത്. ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ്, സാമൂഹിക സുരക്ഷാ കോഡ്, തൊഴിൽസുരക്ഷയും ആരോഗ്യവും തൊഴിൽ സ്ഥിതിയും സംബന്ധിച്ച നിയമം, വേതന നിയമം എന്നിവയാണ് നാല്‌ ലേബർ കോഡുകൾ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *