തിരുവനന്തപുരം: കുടുംബശ്രീദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും 3.30ന് പുത്തരിക്കണ്ടം മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
1998ൽ ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ അന്നത്തെ തദ്ദേശമന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണ് കുടുംബശ്രീയെന്ന ആശയത്തിന് ജീവൻ നൽകിയത്. 1997-ൽ അദ്ദേഹം നിയമിച്ച കമ്മിറ്റിയാണ് പദ്ധതി രൂപകൽപ്പന ചെയ്തത്. തുടർന്ന് 1998 മെയ് 17ന് കുടുംബശ്രീ രൂപീകൃതമായി. ദാരിദ്ര്യനിർമാർജനവും സ്‌ത്രീശാക്തീകരണവും പ്രധാന ലക്ഷ്യങ്ങളാക്കിയാണ് ഈ സ്‌ത്രീകൂട്ടായ്മ രൂപംകൊണ്ടത്. ഇന്ന് 46 ലക്ഷം സ്ത്രീകളും അവരുടെ കുടുംബങ്ങളും കുടുംബശ്രീയുടെ ഭാഗമാണ്.
ചടങ്ങിൽ തദ്ദേശമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ ‘റേഡിയോശ്രീ’യുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. പുതുക്കിയ കുടുംബശ്രീ ലോഗോ പ്രതിപക്ഷ നേതാവ് വി ഡി സതീശനും തപാൽ വകുപ്പ് പുറത്തിറക്കിയ കവർ മന്ത്രി ആന്റണി രാജുവും ‘നിലാവ് പൂക്കുന്ന വഴികൾ’ എന്ന പുസ്തകം മന്ത്രി വി ശിവൻകുട്ടിയും പ്രകാശിപ്പിച്ചു. എല്ലാ വർഷവും മെയ് 17 കുടുംബശ്രീ ദിനമായി ആചരിക്കാൻ കഴിഞ്ഞ ജനുവരിയിലാണ് സർക്കാർ ഉത്തരവിറക്കിയത്.