തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ബിഎംഎസ് പണിമുടക്ക്. ശമ്പളം ഗഡുക്കളായി നല്‍കുന്നതില്‍ പ്രതിഷേധിച്ചാണ് 24 മണിക്കൂര്‍ പണിമുടക്ക്. സര്‍വ്വീസുകള്‍ മുടങ്ങിയേക്കും. ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെ തുടര്‍ന്ന് സിഐടിയുവിന്റേയും ടിഡിഎഫിന്റേയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചീഫ് ഓഫീസിന് മുന്നില്‍ സമരം നടന്നുവരികയാണ്. സമരം അംഗീകരിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പണിമുടക്കി സമരം ചെയ്യുന്നവരുടെ ശമ്പളം പിടിക്കുമെന്ന് സര്‍ക്കുലര്‍ ഇറക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പണിമുടക്ക് മൂന്നു ദിവസത്തെ സര്‍വീസിനെ ബാധിക്കും. ഒരുമിച്ചു ശമ്പളം വേണമെന്ന് ഒരു തൊഴിലാളിയും എഴുതി നല്‍കിയിട്ടില്ല. ഈ സ്ഥാപനത്തെ നാശത്തിലേക് തള്ളിയിട്ട കേന്ദ്രത്തിന്റെ യൂണിയനാണ് സമരം ചെയ്യുന്നത്. തനിക്കെതിരായ സിഐടിയു നേതാക്കളുടെ ആരോപണം വ്യക്തിപരമായി എടുക്കുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു. മുഴുവന്‍ ശമ്പളവും മെയ് അഞ്ചിന് നല്‍കുമെന്നാണ് മുഖ്യമന്ത്രി യൂണിയനുകളെ അറിയിച്ചിരുന്നത്. ശമ്പള പ്രതിസന്ധിയില്‍ പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുമായി രണ്ടുതവണ യൂണിയനുകള്‍ യോഗവും ചേര്‍ന്നു. എന്നാല്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് സിഐടിയുവും ടിഡിഎഫും കടന്നത്. ശമ്പളം കൃത്യമായി നല്‍കുക, കെഎസ്ആര്‍ടിസിയെ തകര്‍ക്കുന്ന നടപടികള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ശമ്പള വിതരണത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ പാലിക്കണമെന്നും ജീവനക്കാര്‍ക്ക് നല്‍കാനുള്ള ശമ്പളത്തില്‍ തിരിമറി നടക്കുന്നതായും കള്ളക്കണക്ക് കാണിച്ച് മാനേജ്‌മെന്റ് സര്‍ക്കാരിനെ പറ്റിക്കുകയാണെന്നും ആരോപണമുണ്ട്. ശമ്പളം നല്‍കാത്തപക്ഷം കടുത്ത സമര രീതികളിലേക്ക് കടക്കാനാണ് യൂണിയനുകളുടെ തീരുമാനം.