കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണം; എട്ട് പേർക്ക് പരുക്ക്, ഒരാളുടെ നില ​ഗുരുതരം

കോഴിക്കോട് പേരാമ്പ്രയിൽ കാട്ടുപന്നി ആക്രമണത്തിൽ എട്ട് പേർക്ക് പരുക്കേറ്റു. ബൈക്ക് യാത്രികന് ഉൾപ്പെടെയാണ് ആക്രമണത്തിൽ പരുക്ക് സംഭവിച്ചത്. ഒരാളുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 7 പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരുക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയാണ് ഇവർക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്.

സംസ്ഥാനത്തൊട്ടാകെ വന്യജീവികളുടെ ആക്രമണം രൂക്ഷമായിരിക്കുകയാണ്. ഇടുക്കി ചിന്നക്കനാൽ ബി എൽ റാവിൽ വീണ്ടും കാട്ടാന ആക്രമണമുണ്ടായി. ആക്രമണത്തിൽ ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് കാട്ടാന ആക്രമിച്ചത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മഹേശ്വരിയും മകൾ കോകിലയും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. മഹേശ്വരിയ്ക്ക് ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. അരിക്കൊമ്പൻ എന്ന ഒറ്റയാനാണ് ഇന്നും ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറയുന്നു.

ചിന്നക്കനാലിൽ അരിക്കൊമ്പൻ വീടുകൾ ആക്രമിക്കുന്നത് തുടർക്കഥയാകുകയാണ്. ചിന്നക്കനാൽ ബി എൽ റാമിൽ കാട്ടാന കഴിഞ്ഞ ദിവസം കുന്നത്ത് ബെന്നി എന്നയാളുടെ വീട് തകർത്തിരുന്നു. ശബ്ദം കേട്ട് എത്തിയ പ്രദേശവാസികൾ ഒച്ച വെച്ചാണ് ആനയെ ഓടിച്ചത്. പരുക്കേറ്റ ബെന്നി രാജകുമാരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ചികിത്സാ തേടിയിരുന്നു.

ഇന്നലെ ജനവാസ മേഖലയിലിറങ്ങിയ അരിക്കൊമ്പൻ റേഷൻ കട ഉൾപ്പെടെ തകർത്തിരുന്നു. അരിക്കൊമ്പൻറെ നിരന്തര ആക്രമണത്തെ തുടർന്ന് കടയിൽ ഉണ്ടായിരുന്ന റേഷൻ സാധങ്ങൾ മറ്റൊരു മുറിയിലേക്ക് മാറ്റിയിരുന്നു. അതിനാൽ റേഷൻ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ പതിനൊന്ന് തവണയാണ് ആന കട തകർക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ നാലാമത്തെ തവണയാണ് ഇവിടെ ആന ഇറങ്ങുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *