മലപ്പുറം : ബീമുകൾ ഉറപ്പിക്കുന്നതിനിടെ ഹൈഡ്രോളിക് ജാക്കി തകർന്ന് മൂന്ന് സ്പാനുകൾക്ക് കേടുപാടുണ്ടായി വിവാദത്തിൽപ്പെട്ട കൂളിമാട് പാലം നാളെ നാടിനു സമർപ്പിക്കും.കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം ബുധനാഴ്‌ച മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്യുന്നത്. കിഫ്ബിയിൽനിന്ന് 25 കോടി രൂപ ചെലവിട്ടാണ് ചാലിയാറിന് കുറുകെ പാലം നിർമിച്ചത്.
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാടിനെയും മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ മപ്രത്തെയും ബന്ധിപ്പിക്കുന്നതാണ് പാലം. ഇതോടെ വയനാട്, കോഴിക്കോട്, മുക്കം ഭാഗങ്ങളിൽനിന്ന് മലപ്പുറത്തേക്കും കരിപ്പൂർ വിമാനത്താവളത്തിലേക്കും യാത്ര എളുപ്പമാകും. 309 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലത്തിന് 12 സ്പാനാണുള്ളത്. ഇതിൽ 35 മീറ്റർ നീളത്തിലുള്ള ഏഴ് സ്പാനുകൾ പുഴയിലും 12 മീറ്റർ നീളത്തിലുള്ള അഞ്ച് സ്പാനുകൾ കരയിലുമാണ്. 13 തൂണുണ്ട്. ഇരുഭാഗത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയും നൽകി. കൂളിമാട് ഭാഗത്ത് 160 മീറ്ററിലും മപ്രം ഭാഗത്ത് 80 മീറ്ററിലും അപ്രോച്ച് റോഡുമുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ–ഓപറേറ്റീവ് സൊസൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്.
വർഷങ്ങളുടെ കാത്തിരിപ്പിനുശേഷം ഒന്നാം പിണറായി സർക്കാരിന്റെ 2016–17 ബജറ്റിലാണ് പാലം നിർമാണം പ്രഖ്യാപിച്ചത്. നിർമാണഘട്ടത്തിൽ നിരവധി പ്രതിസന്ധികളാണ് നേരിട്ടത്. പ്രളയത്തിൽ നിർമാണം നിർത്തിവയ്‌ക്കുകയും ഭാവിയിലെ പ്രളയസാധ്യത മുന്നിൽക്കണ്ട് മാതൃകയിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്‌തു. സ്പാനുകൾ തകർന്ന ശേഷം വിശദ പരിശോധന നടത്തിയാണ് പ്രവൃത്തി പൂർത്തിയാക്കിയത്.