തിരുവനന്തപുരം: വായ്പാ പരിധി വെട്ടിക്കുറച്ച കേന്ദ്രനടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ലോക്സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ശ്വാസം മുട്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം വായ്പാ പരിധി വെട്ടിക്കുറച്ചിട്ടില്ലെന്ന വി.മുരളീധരന്റെ പ്രസ്താവന തെറ്റിദ്ധാരണ ഉണ്ടാക്കുന്നതാണെന്നും മന്ത്രി പ്രതികരിച്ചു.
സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ നടപടിയിൽ കേന്ദ്രമന്ത്രി വി മുരളീധരൻ പറയാൻ പാടില്ലാത്തത് പറഞ്ഞെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന് ഒരു വർഷം 1.75 ലക്ഷം കോടിയാണ് ആകെ ചെലവ് വരുന്നത്. ഇതിൽ മൂന്ന് ശതമാനമാണ് കടമെടുപ്പ് പരിധി. ഇതിൽ രണ്ടായിരം കോടി രൂപ കടമെടുക്കാൻ ഏപ്രിലിൽ അനുമതി നൽകിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.ഈ മാസം 15,390 കോടി കടമെടുക്കാന്‍ അനുമതി നല്കി. നിലവിലെ ചട്ടപ്രകാരം 32,442 കോടി രൂപ വായ്പയെടുക്കാന്‍ അവകാശമുണ്ട്. എന്നാല്‍ വായ്പ പരിധി ചുരുക്കിയതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന് മറുപടിയില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമായാണ് മുരളീധരന് സംസാരിക്കുന്നത്.ബിജെപിയുടെ ആഭ്യന്തര വിഷയമാണോ ഇതെന്ന് മന്ത്രി ചോദിച്ചു. ബിജെപി ഓഫിസിലിരുന്ന് എഴുതിയ കണക്കായിരിക്കും അദ്ദേഹം പറഞ്ഞതെന്നും മന്ത്രി വിമര്‍ശിച്ചു. പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശ പ്രകാരമുള്ള കടമെടുപ്പ് പരിധിയിലുള്ള 55,182 കോടിയിൽ 34,661 കോടി രൂപയും കേരളം എടുത്തെന്ന് വി മുരളീധരൻ ഇന്നലെ പറഞ്ഞിരുന്നു. ശേഷിക്കുന്ന 20,521 കോടിരൂപയിൽ ആദ്യ മൂന്ന് പാദങ്ങളുടേതായ 15,390 കോടി രൂപ അനുവദിച്ചു. ബാക്കിയുള്ള 5,131 കോടി 2024 ജനുവരിയിൽ അനുവദിക്കും. അതിനെ വെട്ടികുറയ്ക്കലായി ധനമന്ത്രി ചിത്രീകരിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.