തടവുകാലാവധിയും പിഴയും കൂട്ടും, മൂന്നു വിഭാഗങ്ങളായി തിരിച്ച് ആശുപത്രികൾക്ക് സുരക്ഷ : ആശുപത്രി സംരക്ഷണ ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ

തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടർ വന്ദനാ ദാസ് അരുംകൊലയ്ക്കിരയായ സാഹചര്യത്തിൽ,​ ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രി സംരക്ഷണ നിയമത്തിൽ അടിയന്തര ഭേദഗതിക്ക് തീരുമാനം. അക്രമികൾക്ക് കടുത്ത ശിക്ഷയ്ക്കുള്ള ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭായോഗത്തിൽ കൊണ്ടുവരും. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റും സ്ഥാപിക്കും. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

മൂന്നു മുതൽ 10 വർഷം വരെ തടവും അഞ്ചു ലക്ഷം രൂപ പിഴയും ഈടാക്കുന്ന നിയമഭേദഗതിക്കാണ് ആലോചന. മൂന്നുവർഷം വരെ തടവും 50,000 രൂപ പിഴയുമാണ് നിലവിലെ നിയമത്തിലുള്ളത്. ഇന്നലെ മുഖ്യമന്ത്രിയെ കണ്ട ഐ.എം.എ,​ കെ.ജി.ഒ.എം.എ ഭാരവാഹികളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു.

2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലാണ് ഭേദഗതി. നിലവിലെ നിയമത്തിൽ ആരോഗ്യസ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ മാറ്റം വരുത്തും. ചീഫ് സെക്രട്ടറി,​ ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ കൂടിയാലോചിച്ച് ഭേദഗതി നിർദ്ദേശങ്ങൾ ഉടൻ സമർപ്പിക്കും. ആരോഗ്യ സർവകലാശാല, ഡോക്ടർമാരുടെയും വിദ്യാർത്ഥികളുടെയും സംഘടനകൾ എന്നിവരുടെ നിർദ്ദേശങ്ങളും പരിഗണിക്കും.

ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്ക്ക് ആരോഗ്യ,​ ആഭ്യന്തരവകുപ്പുകൾ സംയുക്ത നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു. ആശുപത്രികളെ മൂന്നു വിഭാഗങ്ങളായി തിരിച്ച് സുരക്ഷ ശക്തിപ്പെടുത്തണം. മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ എന്നിവിടങ്ങളിലാണ് പൊലീസ് ഔട്ട്‌പോസ്റ്റ്. എസ്.ഐ, എ.എസ്.ഐ, സി.പി.ഒ എന്നിവരെ ഡെപ്യൂട്ടേഷനിൽ നിയമിക്കും. മറ്റ് ആശുപത്രികളിൽ പൊലീസ് സദാ നിരീക്ഷണം നടത്തും.

എല്ലാ ആശുപത്രിയിലും ക്യാമറ,​ സുരക്ഷാ ഓഡിറ്റ്

1 ക്ലോസ്ഡ് സർക്യൂട്ട് ക്യാമറ എല്ലാ ആശുപത്രികളിലും

2 ആശുപത്രികളിൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണം

3 ആറു മാസത്തിൽ ഒരിക്കൽ സുരക്ഷാ ഓഡിറ്റ് നടത്തണം

4 ആരോഗ്യ, ആഭ്യന്തര വകുപ്പുകൾ ഇതു നിർവഹിക്കണം

5 സുരക്ഷാ സംവിധാനങ്ങൾക്ക് ജില്ലാ കളക്ടറുടെ മേൽനോട്ടം

അത്യാഹിതത്തിൽ രാത്രി രണ്ട് ഡോക്ടർ

സർക്കാർ ആശുപത്രികളിൽ രാത്രി അത്യാഹിത വിഭാഗങ്ങളിൽ രണ്ടു ഡോക്ടർമാരെ നിയമിക്കുന്നത് പരിശോധിക്കും.

പ്രതികളെയും അക്രമ സ്വഭാവമുള്ളവരെയും കൊണ്ടുപോകുമ്പോൾ പൊലീസ് സുരക്ഷ ഏർപ്പെടുത്തും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *