സിനിമാ ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കും : കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

കൊച്ചി: സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയാൻ അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്‌ഡ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല എന്നും സേതുരാമൻ വ്യക്തമാക്കി.

വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്. ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നടന്മാരായ ശ്രീനാഥ് ഭാസി-ഷെയ്ൻ നിഗം എന്നിവരുടെ വിലക്കുമായി ബന്ധപ്പെട്ട് ഉയർന്ന ചർച്ചകളാണ് മലയാള സിനിമയിലെ ലഹരി ഉപയോഗത്തിലേയ്ക്ക് വിരൽചൂണ്ടിയത്. ഇരുവരും നിർമ്മാതാക്കളുമായി സഹകരിക്കുന്നില്ലെന്ന് വ്യക്തമാക്കിയായിരുന്നു സിനിമാ സംഘടനകൾ സംയുക്തമായി വിലക്കേർപ്പെടുത്തിയത്. ലഹരി ഉപയോഗിക്കുന്ന താരങ്ങളെ വിലക്കാനും അവരുടെ സിനിമകളുമായി സഹകരിക്കാതിരിക്കാനും താരസംഘടനയായ ‘അമ്മ’യുടെ സഹായം നിർമ്മാതാക്കൾ തേടിയിരുന്നു. സിനിമയിലുള്ള വിവിധ സംഘടനകൾ ലഹരി ഉപയോഗത്തിനെതിരെ രംഗത്തെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് എക്സൈസും പൊലീസും അന്വേഷണം ശക്തമാക്കുന്നത്.

സിനിമ മേഖലയിൽ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന നടൻ ടിനി ടോമിന്റെ വെളിപ്പെടുത്തലുണ്ടായത് ഇന്നലെയാണ്. ടിനിയുടെ മകന് സിനിമയിൽ ഒരു പ്രമുഖ നടന്റെ മകന്റെ വേഷം അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നു. എന്നാൽ അഭിനയിക്കാൻ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത്. ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളതു കൊണ്ടാണ് മകനെ സിനിമയിൽ അഭിനയിപ്പിക്കാത്തതെന്നും ടിനി ടോം പറഞ്ഞു. ‘ലഹരിക്ക് അടിമയായ ഒരു നടനെ ഈയടുത്ത് കാണാനിടയായി. അദ്ദേഹത്തിന്റെ പല്ലുകൾ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുമ്പോൾ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോൾ പല്ല് പൊടിയുന്നു, നാളെ എല്ലു പൊടിഞ്ഞു തുടങ്ങും. നമ്മുടെ ലഹരി കലയാകണം,’ എന്നാണ് ടിനി ടോം പറഞ്ഞത്. ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവൽക്കരണ പരിപാടിയുടെ അംബാസഡർ കൂടിയാണ് ടിനി ടോം.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *