തിരുവനന്തപുരം: സംസ്ഥാന ഹെൽത്ത് ഏജൻസി നടപ്പാക്കുന്ന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ രണ്ടു വർഷത്തിനിടെ ലഭ്യമാക്കിയത് 3030 കോടിയുടെ സൗജന്യ ചികിത്സ. 12,22,241 ഗുണഭോക്താക്കൾക്കായി 28,75,455 ക്ലൈമുകളിലൂടെയാണ് തുക അനുവദിച്ചത്. രാജ്യത്ത് ആകെ നൽകുന്ന സൗജന്യ ചികിത്സയുടെ 15 ശതമാനത്തോളം കേരളത്തിലാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇക്കാര്യത്തിൽ കേരളം മുന്നിലാണ്.
സംസ്ഥാനത്ത് മണിക്കൂറിൽ 180 ഓളം രോഗികൾക്കാണ് പദ്ധതി വഴി സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്. മിനിറ്റിൽ 3 രോഗികൾ എന്ന ക്രമത്തിൽ. അർഹരായ കുടുംബത്തിന് ഒരുവർഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം എംപാനൽ ചെയ്യപ്പെട്ട സർക്കാർ, സ്വകാര്യ ആശുപത്രികൾ വഴി ലഭിക്കും.
പദ്ധതിയിൽ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചികിത്സാ ചെലവിന്റെ 90%വും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. കേന്ദ്രവിഹിതം പ്രതിവർഷം 138 കോടി. പദ്ധതിയിൽപെടാത്ത കുടുംബങ്ങൾക്ക് വാർഷിക വരുമാനം 3 ലക്ഷത്തിന് താഴെയാണെങ്കിൽ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയിലൂടെ സൗജന്യ ചികിത്സ നൽകുന്നുണ്ട്.
സൗജന്യ ചികിത്സ
(ഗുണഭോക്താക്കൾ, തുക ക്രമത്തിൽ)
2021 22……….. 5,76,955, 1400കോടി
2022-23……….. 6,45,286, 1630 കോടി