ധനക്കമ്മിയും ചെലവും കുറച്ചു , അടിസ്ഥാന വികസനത്തിന് ചെലവാക്കിയിട്ടും കേരളം പിടിച്ചു നിന്നെന്ന് സിഎജി

തിരുവനന്തപുരം : വരവും ചെലവും തമ്മിലുള്ള അന്തരത്തിൽ കുറവ് വരുത്തി കഴിഞ്ഞ സാമ്പത്തീക വർഷത്തിൽ കേരളാ സർക്കാർ നേട്ടമുണ്ടാക്കിയെന്ന് കൺട്രോളർ‌ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സിഎജി) പ്രാഥമിക കണക്ക്. ധനക്കമ്മി 41.13 ശതമാനത്തിലേക്കു കുറച്ചു കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു. അതിനു മുൻപുള്ള വർ‌ഷത്തിൽ ധനക്കമ്മി 81% ആയിരുന്നു. വരവും ചെലവും തമ്മിലെ അന്തരമാണു ധനക്കമ്മി.

കേരളത്തിനു കടമെടുക്കാൻ കഴിയുന്ന തുകയിൽ കേന്ദ്രം വലിയ വെട്ടിക്കുറവു വരുത്തിയെങ്കിലും കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന സർക്കാരിനു പിടിച്ചു നിന്നു എന്നാണു കണക്കുകൾ നൽകുന്ന സൂചന. നികുതി അടക്കമുള്ള വരുമാനങ്ങളിൽ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞതാണ് കേരളത്തെ സഹായിച്ചത്. ജിഎസ്ടി, സംഭാവനകൾ എന്നീ ഇനങ്ങളിൽ ഒഴികെ  ബാക്കിയെല്ലാ വരുമാനങ്ങളും ബജറ്റിൽ പ്രഖ്യാപിച്ച ലക്ഷ്യം മറികടന്നു. എല്ലാ ഇനങ്ങളിലും ചെലവു കുറയ്ക്കാനും സർക്കാരിനു കഴിഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിനു മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായതിന്റെ രഹസ്യവും സിഎജിയുടെ കണക്കിലുണ്ട്. കടമെടുപ്പു പരിധി കേന്ദ്രം പകുതിയിലേറെ വെട്ടിക്കുറച്ചു. അതോടെ സർക്കാർ ഗുരുതര പ്രതിസന്ധിയിലായി. വരുമാനം മെച്ചപ്പെട്ടതിനൊപ്പം കർശന ചെലവു ചുരുക്കൽ കൊണ്ടുവന്നതോടെ ആകെ ചെലവിൽ വൻ കുറവു വന്നു. ശമ്പളവും പെൻഷനും ഒഴികെ 69,148 കോടിയാണു ഭരണപരമായ ചെലവുകൾക്കു വേണ്ടിയിരുന്നത്. ഇൗ ചെലവിൽ കർശന നിയന്ത്രണം കൊണ്ടുവന്നതിനാൽ 18,685 കോടി ലാഭിക്കാനായി.

റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ‌ തുടങ്ങിയവ നിർമിക്കുന്നതിനും ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനും 19,438 കോടി രൂപ ചെലവിടുമെന്നായിരുന്നു ബജറ്റിലെ പ്രഖ്യാപനം. 13,521 കോടി രൂപയാണ്  ഇൗ മേഖലയ്ക്കായി ചെലവിട്ടത്. 30% തുക സർക്കാർ ചെലവിടാതെ പിടിച്ചു വച്ചു. 55,119 കോടിരൂപയാണ് കഴിഞ്ഞ വർഷം കടമെടുക്കാൻ സർക്കാർ നിശ്ചയിച്ചിരുന്നത്. കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതു കാരണം 22,672 കോടി മാത്രമാണു കടമെടുക്കാൻ കഴിഞ്ഞത്.

ഭൂമിയുടെ റജിസ്ട്രേഷൻ വഴി കിട്ടുന്ന വരുമാനത്തിലാണ് കഴിഞ്ഞ വർഷം ഗണ്യമായ വർധന ഉണ്ടായത്. ലക്ഷ്യമിട്ടതിനെക്കാൾ 1,530 കോടി രൂപയാണ് സർക്കാരിന് അധികം ലഭിച്ചത്. ജിഎസ്ടി വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. 8,000 കോടിയുടെ കുറവുണ്ടായത് കേന്ദ്ര സർക്കാർ ജിഎസ്ടി നഷ്ടപരിഹാരം നിർത്തലാക്കിയതിനാലാണെന്ന് ധനവകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *