തിരുവനന്തപുരം: ഭൂരഹിതരില്ലാത്ത കേരളമെന്ന സ്വപ്നത്തിലേക്കു മുന്നേറി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി സർക്കാരിന്റെ മൂന്നാം നൂറുദിന കർമപരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ 67,069 ഭൂരഹിതർക്കു കൂടി പട്ടയം വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ഇതോടെ കഴിഞ്ഞ ഏഴു വർഷംകൊണ്ട് 2.99 ലക്ഷത്തോളം പട്ടയങ്ങളാണ് ഭൂരഹിതർക്ക് വിതരണം ചെയ്തത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷം 54,535 പട്ടയങ്ങളാണു നൽകിയത്. പിന്നീട്, രണ്ടു വർഷത്തിനുള്ളിൽ മാത്രം 1.22 ലക്ഷത്തിലധികം പട്ടയങ്ങളും നൽകി.
‘‘ഭൂരഹിതരില്ലാത്ത കേരളം എന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് വളരെ വേഗത്തിൽ മുന്നേറുകയാണ്. അതു സാക്ഷാൽക്കരിക്കാൻ നമുക്കൊരുമിച്ചു നിൽക്കാം. സാമൂഹികസമത്വത്തിൽ അധിഷ്ഠിതമായ നവകേരളം പടുത്തുയർത്താം’’– മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു.