സർക്കാർ സ്‌കൂൾ അധ്യാപകരുടെ സ്വകാര്യ ട്യൂഷന് വിലക്ക് ,സത്യവാങ് മൂലം എഴുതിവാങ്ങാൻ വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം :  സർക്കാർ സ്‌കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കുന്നത് വിലക്കാനായി വിദ്യാഭ്യാസ വകുപ്പ് നീക്കം. പാരലൽ  സ്ഥാപനങ്ങളിലും സ്‌പെഷ്യൽ ട്യൂഷനുകൾക്കും ഈ വർഷം വിലക്ക് ഏർപ്പെടുത്താനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. അധ്യയന വർഷത്തിന്റെ മുന്നൊരുക്കത്തിന്റെ ഭാഗമായി നടന്ന  ജില്ലാ വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിലാണ് സർക്കാർ നയം മന്ത്രി വ്യക്തമാക്കിയത് .

സ്വകാര്യ ട്യൂഷൻ വിലക്കിൻറെ ഭാഗമായി ഈ വർഷം അധ്യാപകരിൽ നിന്നും സർക്കാർ സത്യവാങ് മൂലം എഴുതിവാങ്ങും. എസ് എസ് എൽ സി -പ്ലസ് ടു പരീക്ഷാ ഉത്തര പേപ്പർ മൂല്യ നിർണയത്തിൽ സഹകരിക്കാതിരുന്ന 3,708  അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകും. എസ് എസ് എൽ സി മൂല്യനിർണയത്തിൽ നിന്നും    2,200 അധ്യാപകർ  ഒരു കാരണവും ബോധിപ്പിക്കാതെയാണ്   വിട്ടു നിന്നത്. ഹയർ സെക്കണ്ടറിയിലെ 1,508 അധ്യാപകരും ഇത്തരത്തിൽ വിട്ടുനിന്നു .

മെയ് 25  നു മുൻപായി സ്‌കൂൾ തുറക്കലിനുള്ള എല്ലാ സംവിധാനങ്ങളും പൂർത്തിയാക്കണം എന്നാണു വകുപ്പ് നിർദേശം. അധ്യാപകരുടെ ട്രാൻസ്ഫർ അടക്കമുള്ള കാര്യങ്ങൾ ആ തിയതിക്ക് അകം തന്നെ പൂർത്തിയാക്കും. ജൂൺ ഒന്നിന് സ്‌കൂൾ തുറന്നാൽ അഞ്ചു ദിവസത്തിനകം തന്നെ സ്‌കൂൾ തലത്തിലെ വാർഷിക പദ്ധതി രൂപീകരണം പൂർത്തിയാക്കണം എന്നും നിർദേശമുണ്ട് .  

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *