178 സീറ്റുകൾ നേടിയ 1989ന് ശേഷമുള്ള കർണാടകയിലെ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത്
ബംഗളൂരു : മോദിയുടെ തോളിലേറി തുടർഭരണമെന്ന കർണാടക ബിജെപിയുടെ സ്വപ്നം തകർന്നതോടെ പൂർണമായും കമല വിമുക്തമായി ദക്ഷിണേന്ത്യ .. ദക്ഷിണേന്ത്യയിലെ ഏക ശക്തികേന്ദ്രമാണ് ബിജെപിക്ക് കർണാടകയിലൂടെ നഷ്ടമായിരിക്കുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നിൽപോലും ഇനി ബിജെപിക്ക് പേരിനൊരു മുഖ്യമന്ത്രിയില്ല
നേരത്തെ തന്നെ കേരളത്തിലും ആന്ധ്രയിലും വട്ടപൂജ്യത്തിൽ നിൽക്കുന്നവർ എന്ന ദുഷ്പേര് സൗത്തിന്ത്യയിൽ ഉള്ള ബിജെപിക്ക് കർണാടക മണ്ണിലെ ഈ തിരിച്ചടി അത്ര മധുരതരമല്ല.കർണാടകയെ ചൂണ്ടിക്കാട്ടി അടുത്തത് നീയെന്നു ഓരോ ദക്ഷിണേന്ത്യൻ സംസ്ഥാനത്തെയും നോക്കി പറഞ്ഞിരുന്ന ബിജെപിക്കാർക്ക് തോറ്റുവെന്ന യാഥാർഥ്യത്തെക്കാൾ തോറ്റ രീതിയിലെ ദയനീയതയാണ് ഏറെ പ്രഹരമാകുന്നത്.
മോദിയുടെ മോടിക്കും കർണാടക മങ്ങലേൽപ്പിച്ചു. എങ്ങനെയും കർണാടക പിടിക്കാൻ സംസ്ഥാനത്ത് 19 പൊതുയോഗങ്ങളിലും ആറ് റോഡ് ഷോകളിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും കന്നഡ നാട്ടിൽ തമ്പടിച്ചിട്ടും കച്ചിയടിച്ചില്ല. ദക്ഷിണേന്ത്യയിൽ സ്വന്തമായുണ്ടായിരുന്ന ഏക സംസ്ഥാനം ബിജെപിക്ക് നഷ്ടമായെന്നതാണ് കന്നഡിഗർ വിധിയുടെ ഹൈലൈറ്റ്.
തമിഴ്നാട്ടിൽ എഡിഎംകെ സഖ്യത്തിൽ മത്സരിക്കുന്ന ബിജെപി 2021 നിയമസഭ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ മാത്രമാണ് ജയിച്ചത്. കേരളത്തിൽ 2016-ൽ ആദ്യമായി അക്കൗണ്ട് തുറന്നെങ്കിലും 2021-ൽ അക്കൗണ്ട് പൂട്ടിച്ചു. തെലുങ്കാനയിൽ 2014-ലെ തെരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകളിൽ ജയിച്ച ബിജെപി, 2018-ലെ തെരഞ്ഞെടുപ്പിൽ ഒരു സീറ്റിലൊതുങ്ങി. ആന്ധ്രപ്രദേശിൽ 2014-ലെ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകളിൽ ജയിച്ച ബിജെപി 2019-ലെ തെരഞ്ഞെടുപ്പിൽ വട്ടപൂജ്യമായി.
ദേശീയതലത്തിൽപോലും ഉണർവുണ്ടാക്കുന്നതാണ് കോൺഗ്രസിന് കർണാടക വിജയം . 178 സീറ്റുകൾ നേടിയ 1989ന് ശേഷമുള്ള കർണാടകയിലെ ഏറ്റവും മികച്ച പ്രകടനമാണ് കോൺഗ്രസിന്റേത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനും ഈ വർഷാവസാനം നടക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനും കർണാടക ഫലം പാർട്ടിക്ക് കരുത്താകും.
ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിന്റെ “തല’സ്ഥാനം അവകാശപ്പെടാനും കോൺഗ്രസിനെ കർണാടക സഹായിക്കും.രാജസ്ഥാനിലും ഛത്തീസ്ഗഡിലും പാർട്ടി വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധ്യപ്രദേശ് തിരിച്ചുപിടിക്കാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും വിജയത്തിൽ അഭിമാനിക്കാം. അധ്യക്ഷന്റെ സ്വന്തം സംസ്ഥാനത്ത് ബിജെപിയെ മലർത്തിയടിക്കാനായി. കോൺഗ്രസ് പരാജയപ്പെട്ടാൽ അതിന്റെ പൂർണ ഉത്തരവാദിത്വം താൻ ഏറ്റെടുക്കുമെന്ന് ഖാർഗെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.