ബംഗളൂരു: കര്‍ണാടക മന്ത്രിസഭാ വിപുലീകരണത്തിന്റെ ഭാഗമായി 24 മന്ത്രിമാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും . കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംസ്ഥാന മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ കേന്ദ്ര നേതാക്കളുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു.
കര്‍ണാടകയുടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജേവാലയുമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി (സംഘടന) കെ.സി. വേണുഗോപാലുമായും ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായും അദ്ദേഹത്തിന്റെ വസതിയില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്തി.വിവിധ സമുദായങ്ങളെയും പ്രാദേശികതെയും ഉള്‍ക്കൊണ്ടായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. കോണ്‍ഗ്രസ് വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ച ലിംഗായത്തുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിച്ചേക്കും.
കര്‍ണാടകയില്‍ പരമാവധി 34 മന്ത്രിമാരാകാം. അടുത്തവര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്തായിരിക്കും പുതിയ മന്ത്രിമാരെ തീരുമാനിക്കുക.ഈ മാസം 20 ന് സിദ്ധരാമയ്യയും ശിവകുമാറും യഥാക്രമം കര്‍ണാടക മുഖ്യമന്ത്രിയായും ഉപമുഖ്യമന്ത്രിയായും എട്ട് കാബിനറ്റ് മന്ത്രിമാരോടൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 224 സീറ്റുകളില്‍ 135 എണ്ണവും നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്.