ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്. രാവിലെ എട്ടിനു സംസ്ഥാനത്തെ 36 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ ആരംഭിക്കും. 224 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 73.19 ശതമാനം റിക്കാർഡ് പോളിംഗ് രേഖപ്പെടുത്തിയിരുന്നു.കോൺഗ്രസിനു മുൻതൂക്കമുണ്ടെന്നാണ് ഭൂരിപക്ഷം ഏജൻസികളുടെയും എക്സിറ്റ് പോൾ പ്രവചനം. ബിജെപി അധികാരത്തിലെത്തുമെന്ന് രണ്ട് ഏജൻസികൾ പ്രവചിച്ചു.
അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ കോൺഗ്രസും ബിജെപിയും തള്ളി. 141 സീറ്റോടെ അധികാരത്തിലെത്തുമെന്നാണ് ഇന്നലെ കെപിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ പറഞ്ഞത്. സർക്കാർ രൂപീകരണം സംബന്ധിച്ച് ബിജെപിയും കോൺഗ്രസും ചർച്ച ആരംഭിച്ചു. മുതിർന്ന കോൺഗ്രസ്, ബിജെപി നേതാക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്. ബി.എസ്. യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ കൂടിക്കാഴ്ച നടത്തി.
യെദിയൂരപ്പയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. മോദിപ്രഭാവത്തിൽ തുടർഭരണം ലഭിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമുണ്ടായാൽ ജെഡി-സിനെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമമാരംഭിച്ചതായി റിപ്പോർട്ടുണ്ട്.മല്ലികാർജുൻ ഖാർഗെയുടെ വസതിയിലായിരുന്നു ഇന്നലെ കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച . കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാല പിസിസി അധ്യക്ഷൻ ഡി.കെ. ശിവകുമാർ, മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വര എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കൈക്കു പരിക്കേറ്റ സിദ്ധരാമയ്യ യോഗത്തിനെത്തിയില്ല. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന പാർട്ടി എംഎൽഎമാരെ ഒരുമിച്ചു നിർത്തുന്നതിനെക്കുറിച്ചും ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ സ്വതന്ത്രരുടെ പിന്തുണ തേടുന്നതിനെക്കുറിച്ചും കോൺഗ്രസ് ചർച്ച നടത്തി.