ബംഗളൂരു: കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ ഭേദപ്പെട്ട പോളിംഗ്. ഉച്ചയ്ക്ക് 12 വരെ 40 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അക്രമസംഭവങ്ങൾ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. കേന്ദ്രമന്ത്രി നിർമല സീതാരാമൻ, കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ, ജെഡിഎസ് അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവഗൗഡ, നടൻ പ്രകാശ് രാജ് തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തി.
ബെല്ലാരിയിലെ കാംപ്ലി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിംഗ് (50.75%) രേഖപ്പെടുത്തിയിരിക്കുന്നത്. ദക്ഷിണ കന്നഡയിലെ ബെലത്തങ്ങാടിയിൽ (45.52%). ചാമരാജനഗറിലാണ് ഏറ്റവും കുറവ് പോളിംഗ് (10.75%). സുരക്ഷയ്ക്കായി എണ്‍പത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിര്‍ത്തികളില്‍ കനത്ത ബന്തവസ് ഏര്‍പ്പെടുത്തി. അതിര്‍ത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കര്‍ശനമാണ്.
രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. 2615 സ്ഥാനാർഥികളാണു ജനവിധി തേടുന്നത്. ആകെ 5.3 കോടി വോട്ടർമാർ. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. 80 വയസിനു മുകളിലുള്ളവരിൽ 90 ശതമാനവും ഇതിനോടകം വീടുകളിൽ വോട്ടു രേഖപ്പെടുത്തി.
എക്സിറ്റ് പോൾ ഫലങ്ങൾ വൈകുന്നേരത്തോടെ പുറത്തുവരും. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷമായ കോൺഗ്രസും തമ്മിൽ ഇഞ്ചോടിഞ്ചു പോരാട്ടമാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും നടക്കുന്നത്. തങ്ങളുടെ മേഖലകളിൽ സ്വാധീനം നിലനിർത്താനാണ് ജെഡി-എസ് ലക്ഷ്യമിടുന്നത്.
ബജ്റങ് ദളിനെ നിരോധിക്കുമെന്ന കോൺഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന്റെ പേരിൽ അവസാന മണിക്കൂറിലും രാഷ്ട്രീയ രംഗം ചൂടുപിടിച്ചിട്ടുണ്ട്. നിശ്ശബ്ദ പ്രചാരണ ദിവസമായ ഇന്നലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹുബ്ബള്ളിയിലെ ക്ഷേത്രം സന്ദർശിച്ച് ഹനുമാൻ കീർത്തനം ചൊല്ലി.വിശ്വഹിന്ദു പരിഷത്തും ബജ്റങ് ദളും സംസ്ഥാന വ്യാപകമായി ‘ഹനുമാൻ കീർത്തന’ യോഗങ്ങൾ സംഘടിപ്പിച്ചിരുന്നു. പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാർ ബെംഗളൂരു കെആർ മാർക്കറ്റിലെ ഹനുമാൻ ക്ഷേത്രത്തിലെത്തി പൂജ നടത്തി.