ബംഗളൂരു: 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകൾ നേടുകയെന്ന ബിജെപിയുടെ ലക്ഷ്യത്തിനേറ്റ ആദ്യ തിരിച്ചടിയാണ് കർണാടകയിലെ തെര.ഫലം. ഭരണവിരുദ്ധ വികാരം ബാധിക്കാതിരിക്കാന്‍ പ്രദേശിക നേതാക്കളെ മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കർണാടകയിൽ നേരിട്ട് ഇറങ്ങിയിട്ടും ജനമനസ് കോൺഗ്രസിനൊപ്പം നിലകൊണ്ടു.
കർണാടകയിൽ തോറ്റാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അധികാരം നേടുക പ്രയാസകരമാവുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഇതിനാൽ തന്നെ ഇത്തവണ പത്തു പ്രാവശ്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കർണാടകയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പര്യടനം നടത്തിയത്. ആയിരക്കണക്കിന് കോടി രൂപയുടെ വികസന പ്രവർത്തങ്ങളും ഉദ്ഘാടനം ചെയ്തു.
എന്നാൽ അതൊന്നും ഫലപ്രദമായില്ല. എങ്ങനെയും അധികാരം പിടിക്കാൻ നഗ്നമായ വർഗീയതയിലും ബിജെപി അഭയം തേടി. മുസ്ലിം സംവരണം എടുത്തു കളയലും ഹിജാബ് വിഷയവും കൂടുതൽ വിഭാഗീയത സൃഷ്ടിക്കുമെന്ന് കരുതി ഇതിനെ തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റി. എന്നാൽ ഭരണവിരുദ്ധ വികാരത്തിൽ ബിജെപി തകർന്നടിഞ്ഞു.