ന്യൂഡൽഹി : എന്താണ് ക്ളൈമാക്സ് എന്നതിൽ അഭ്യൂഹങ്ങൾ മാത്രം ബാക്കിയാക്കി തുടർച്ചയായ നാലാം ദിനവും കർണാടക മുഖ്യമന്ത്രിക്കായുള്ള കോണ്‍ഗ്രസിന്റെ നാടകം തുടരുന്നു. വ്യാഴാഴ്ച പുതിയ മുഖ്യമന്ത്രി അധികാരമേൽക്കുമെന്ന ആദ്യ പ്രവചനങ്ങൾ അസ്ഥാനത്താക്കിയാണ് കോൺഗ്രസിൽ തർക്കം തുടരുന്നത്. ജനം മൃഗീയ ഭൂരിപക്ഷം നൽകിയിട്ടും തുടക്കത്തിൽ തന്നെ കല്ലുകടി സൃഷ്ടിച്ചു സിദ്ധാരാമയ്യയും ഡികെ ശിവകുമാറും നടത്തുന്ന നാടകത്തിൽ സോണിയ ഗാന്ധിയുടെ അടക്കമുള്ള അനുനയം പാളി എന്നത് കോൺഗ്രസ് ക്യാമ്പിൽ അങ്കലാപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
കർണാടക മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടു തിരക്കിട്ട ചർച്ചകൾ തുടരുകയാണ് . മുഖ്യമന്ത്രി പദം പങ്കിടാമെന്ന സോണിയ ഗാന്ധിയുടെ നിര്‍ദേശം അംഗീകരിക്കില്ലെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയെ ഡി.കെ .ശിവകുമാർ അറിയിച്ചു. ഇതോടെ വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനുള്ള പാര്‍ട്ടിയുടെ നീക്കം പാളി. സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്യുമെന്ന വാര്‍ത്ത തെറ്റെന്ന് ഡി.കെ.ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദിപ് സിങ് സുർജേവാലയുടെ വസതിയിലെത്തി ഡി.കെ.ശിവകുമാർ ചർച്ച നടത്തി. ഇതിനു പിന്നാലെ സുർജേവാല കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിലെത്തി. കോൺഗ്രസ് നേതാവ് എം.ബി.പാട്ടീലും ഖർഗെയുടെ വസതിയിലെത്തി. മുഖ്യമന്ത്രിപദവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം പാടില്ലെന്ന് സുർജേവാല കോൺഗ്രസ് നേതാക്കളെ അറിയിച്ചു. ഇത് ലംഘിച്ചാൽ അച്ചടക്ക നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലേക്കുള്ള യാത്ര റദ്ദാക്കിയ സിദ്ധരാമയ്യ അടക്കം നേതാക്കളെല്ലാം ഡൽഹിയിൽ തുടരുകയാണ്. തന്നെ പിന്തുണയ്ക്കുന്ന എംഎൽഎമാരും നേതാക്കളുമായി ഡി.കെ.ശിവകുമാർ യോഗം ചേർന്നു.കർണാടക മുഖ്യമന്ത്രി ആരാകുമെന്ന് കാര്യത്തിൽ അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം ഉണ്ടാകുമെന്ന് സുർജേവാല നേരത്തെ അറിയിച്ചിരുന്നു. രണ്ടു ദിവസത്തിനകം മന്ത്രിസഭ അധികാരമേല്‍ക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്തിമതീരുമാനം എടുത്താല്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കുമെന്നും സുര്‍ജേവാല പറഞ്ഞു.
ബുധനാഴ്ച, എല്ലാ കണ്ണുകളും സോണിയ ഗാന്ധിയുടെ വസതിയായ പത്താം ജന്‍പഥിലായിരുന്നു. ഇടഞ്ഞു നില്ക്കുന്ന ശിവകുമാറിനെ ശാന്തനാക്കാനുള്ള തോട്ടി ഗാന്ധി കുടുംബത്തിന്റെ കയ്യിലുണ്ടെന്ന് നേതാക്കള്‍ അടക്കം പറഞ്ഞു. ആദ്യ രണ്ടു വര്‍ഷം മുഖ്യമന്ത്രി പദവി സിദ്ധരാമയ്യയ്ക്കും മൂന്നു വര്‍ഷം ഡികെയ്ക്കും എന്ന ഫോര്‍മുല മാത്രമാണ് പരിഹാരമെന്ന് സോണിയ ഗാന്ധി ഡികെയെ അറിയിച്ചു. ഇതോടെ സിദ്ധരാമയ്യ അടുപ്പക്കാരായ നേതാക്കള്‍ക്കൊപ്പം ജന്‍പഥിലെത്തി രാഹുല്‍ ഗാന്ധിയെ കണ്ടു.മടങ്ങുമ്പോള്‍ ഒപ്പമുള്ളവര്‍ ക്യാമറകളെ നോക്കി വിജയചിഹ്നമുയര്‍ത്തി കാണിച്ചു. സിദ്ധരാമയ്യ പോയതും ശിവകുമാര്‍ വന്നു, പിന്നാലെ സഹോദരന് ഡി.െക.സുരേഷ് എംപിയും. ഇതിനിടെയില്‍ ഏതാനുംപേര്‍ ഡികെ അനുകൂല പോസ്റ്ററുകളുമായി റോഡില്‍ നിരന്നുനിന്നു. രാഹുലുമായി അരമണിക്കര്‍ മാത്രം കൂടിക്കാഴ്ച നടത്തിയ ശിവകുമാര്‍ നേരെ ഖര്‍ഗെയുടെ വസതിയിലേക്ക്.
സിദ്ധരാമയ്യ മുഖ്യമന്ത്രിയെന്ന വാര്‍ത്ത വന്നതില്‍ ഡികെ പൊട്ടിത്തെറിച്ചു. അധികാരം പങ്കിടാന്‍ തയാറല്ലെന്നും അഞ്ചുവര്‍ഷം മുഖ്യമന്ത്രി പദം തനിക്കു വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത നല്കുന്നു എന്ന ആരോപണവുമായി രണ്‍ദീപ് സുര്‍ജേവാല രംഗത്തിറങ്ങി. ഖര്‍ഗെയുടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഡികെ കേട്ടതെല്ലാം ഗോസിപ്പാണന്ന് പറഞ്ഞു. ഡി.കെ.ശിവകുമാര്‍ അനുയായികളായ എംഎല്‍എമാര്‍ക്കൊപ്പം സഹോദരന്റെ വീടായ കാവേരിയിലേക്കും സിദ്ധരാമയ്യ ഹോട്ടലിലേക്കും മടങ്ങി .