ന്യൂഡൽഹി : കർണാടക മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഡികെ ശിവകുമാറുമായി ഏറ്റവുമധികം അടുപ്പമുള്ള സോണിയാ ഗാന്ധി നാളെ ഡൽഹിയിൽ എത്തിയ ശേഷമാകും മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ അന്തിമ തീരുമാനമെന്നാണ് നിലവിലെ വിവരം. ഷിംലയിലുള്ള അവർ നാളെ ഡൽഹിയിലെത്തും.
മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഇനിയും തീരുമാനം എടുത്തില്ല. സോണിയാ ഗാന്ധിയുടെ അഭിപ്രായം കൂടി കണക്കിലെടുത്തായിരിക്കും തീരുമാനം. പാർലമെന്ററി പാർട്ടി യോഗം വീണ്ടും ചേർന്ന് മുഖ്യമന്ത്രിയെ അടുത്തദിവസം പിസിസി അധ്യക്ഷൻ ബെംഗളൂരുവിൽ പ്രഖ്യാപിക്കും. സത്യപ്രതിജ്ഞാ തീയതി നിയുക്ത മുഖ്യമന്ത്രി തീരുമാനിക്കും. മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കുന്ന സിദ്ധരാമയ്യയുമായും ഡി.കെ.ശിവകുമാറുമായും മല്ലികാർജുൻ ഖർഗെ കൂടിക്കാഴ്ച നടത്തി. കെ.സി.വേണുഗോപാലും സിദ്ധരാമയ്യയും തമ്മിലും കൂടിക്കാഴ്ച നടത്തി.
ഭൂരിപക്ഷം എംഎൽഎമാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ കർണാടക മുഖ്യമന്തിയാക്കുന്നതിനോടാണു ഹൈക്കമാൻഡിനു യോജിപ്പെങ്കിലും ഡി.കെ.ശിവകുമാറിനെ എങ്ങനെ അനുനയിപ്പിക്കുമെന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുകയാണ്. സോണിയയുടെ സാന്നിധ്യത്തിൽ സിദ്ധരാമയ്യയ്ക്കും ശിവകുമാറിനുമിടയിൽ സമവായം ഉറപ്പിക്കുകയാണു ഹൈക്കമാൻഡിന്റെ ലക്ഷ്യം.
സിദ്ധരാമയ്യയ്ക്കു കീഴിൽ ഉപമുഖ്യമന്ത്രിയായി ഇരിക്കാൻ ശിവകുമാർ തയാറായേക്കില്ലെന്നും സൂചനയുണ്ട്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ചില്ലെങ്കിൽ പ്രധാന വകുപ്പുകൾക്കു മേൽ ശിവകുമാർ അവകാശവാദമുന്നയിക്കും. മുഖ്യമന്ത്രി പദത്തിനു പുറമെ വകുപ്പുകളുടെ കാര്യത്തിലും ഹൈക്കമാൻഡിനു തീരുമാനമെടുക്കേണ്ടി വരും. മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുടെ നേതൃത്വത്തിലാണു സമവായ ചർച്ച.