വയനാട്: പുനഃസംഘടനയോട് കുറച്ച് നേതാക്കള്‍ സഹകരിക്കുന്നില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. പ്രതീക്ഷയ്ക്കൊത്ത് കെപിസിസിയെ മുന്നോട്ട് കൊണ്ടുപോകാന്‍ തനിക്ക് കഴിയുന്നില്ല. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കെപിസിസി പ്രസിഡന്റായി തുടരില്ലെന്നും സുധാകരന് പറഞ്ഞു.കെപിസിസിയുടെ രാഷ്ട്രീയകാര്യ നയരൂപീകരണത്തിനുവേണ്ടി വയനാട്ടില്‍ നടക്കുന്ന യോഗത്തില്‍വച്ചാണ് സുധാകരന്റെ പ്രതികരണം.
സാഹചര്യങ്ങളുടെ സമ്മര്‍ദം മൂലം പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ തനിക്ക് സാധിക്കുന്നില്ല. ഇത് മൂലം സംഘടനയുടെ അടിത്തട്ടിലുള്ള ദൗര്‍ബല്യങ്ങള്‍ പരിഹരിക്കാന്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുന്നില്ല.പുനഃസംഘടന മെയ് മാസത്തില്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. പുനഃസംഘടന പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസിന്റെ മുഖം തന്നെ മാറിയേനെയെന്നും സുധാകരന് വ്യക്തമാക്കി. പാര്‍ട്ടിയുടെ പോഷകസംഘടനകളില്‍ ഭാരവാഹികളെ നിശ്ചയിക്കുന്നത് അറിയിക്കുന്നില്ലെന്നും സുധാകരന് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ ഗ്രൂപ്പിന്റെ അതിപ്രസരമാണ്.കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്ത് രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ പ്രതീക്ഷിച്ചരീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യമുണ്ട്. തന്റെ കഴിവുകേടുകൊണ്ടോ ബോധപൂര്‍വ്വമോ അല്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടാണ്.
കെപിസിസി ഭാരവാഹികള്‍, എംപിമാര്‍, എംഎല്‍എമാര്‍, രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന യോഗത്തില്‍വച്ചാണ് സുധാകരന്റെ പരാമര്‍ശം. എഐസിസി ജനറല്‍ സെക്രട്ടറിമാരായ കെ.സി.വേണുഗോപാല്‍, താരിഖ് അന്‍വര്‍ എന്നിവര്‍ അടക്കമുള്ള നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. അതേസമയം യോഗത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം അറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ സുധാകരന് കത്ത് നല്‍കി. അമേരിക്കയില്‍ ചികിത്സയിലായതിനാല്‍ ശശി തരൂരും യോഗത്തില്‍ പങ്കെടുക്കുന്നില്ല. ഡല്‍ഹിയില്‍ ഔദ്യോഗിക പരിപാടിയുള്ളതിനാല്‍ കെ മുരളീധരന്‍ ആദ്യദിനം യോഗത്തിന് എത്തിയില്ല.
ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദൗര്‍ബല്യങ്ങള്‍ തിരിച്ചറിഞ്ഞു തിരുത്താനും പാര്‍ട്ടിയെ എല്ലാതലത്തിലും സജ്ജമാക്കാനും കര്‍മപദ്ധതിക്ക് രൂപംനല്‍കാനാണ് രണ്ടുദിവസത്തെ നേതൃസമ്മേളനം നടത്തുന്നത്. പാര്‍ട്ടിയുടെ സമീപകാല ചരിത്രത്തില്‍ ആദ്യമായാണ് രണ്ടുദിവസം തുടര്‍ച്ചയായി നേതൃയോഗം ചേരുന്നത്.സുല്‍ത്താന്‍ ബത്തേരിയിലെ സപ്ത റിസോര്‍ട്ടിലാണ് യോഗം നടക്കുന്നത്.