കോഴിക്കോട്: ജെഡിഎസുമായി ലയനം വേണ്ടെന്ന് എൽജെഡിയിൽ ധാരണ. കോഴിക്കോട് ചേർന്ന എൽജെഡി സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. കർണാടക തിരഞ്ഞെടുപ്പിൽ ജെഡിഎസ് 19 സീറ്റിൽ ഒതുങ്ങിയതാണ് ലയനത്തിൽ നിന്ന് എൽജെഡി പിന്തിരിയാൻ കാരണം. 14 വർഷങ്ങൾക്ക് ശേഷം വീണ്ടും പഴയ ജെഡിഎസാകാനുളള നീക്കമാണ് എൽജെഡി ഉപേക്ഷിക്കുന്നത്. ലയനം വേണ്ടെന്നാണ് ഭൂരിഭാഗം ജില്ലാ കമ്മിറ്റികളുടേയും അഭിപ്രായം. ജെഡിഎസ് ഇല്ലെങ്കിൽ പകരം ആരുമായി ലയനമെന്ന് തീരുമാനിച്ചിട്ടില്ല. ആർജെഡിക്കൊപ്പം നിൽക്കുമെന്നാണ് സൂചന. ഈ മാസം 28ന് കോഴിക്കോട്ടെത്തുന്ന തേജസ്വി യാദവ് അടക്കമുളള നേതാക്കളുമായി എൽജെഡി ചർച്ച നടത്തുമെന്നാണ് വിവരം.
കഴിഞ്ഞ വർഷം ലയന ചർച്ചകൾക്ക് തുടക്കമിട്ട ഇരു പാർട്ടികളും ഈ ജനുവരിയിൽ ഒന്നാകുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ഇത് അനുസരിച്ച് 7 വീതം ജില്ലകളിലെ ഭാരവാഹിത്വം പങ്കിട്ടെടുക്കാനും ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിൽ തീരുമാനമെടുക്കാനും ഏഴംഗ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ പലതവണ യോഗം ചേർന്നിട്ടും ലയന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിരുന്നില്ല.