ബംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് പ്ലേ ഓഫിൽ കയറാൻ വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് ആറ് വിക്കറ്റ് വിജയം. ഗുജറാത്ത് വിജയിച്ചതോടെ ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ തോൽപ്പിച്ച മുംബൈ ഇന്ത്യൻസ്, നാലാം സ്ഥാനക്കാരായി പ്ലേഓഫിൽ കടന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടെ (പുറത്താകാതെ 61 പന്തിൽ 101) ബലത്തിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 197 റൺസ് എടുത്തു. ബാംഗ്ലൂർ ഉയർത്തിയ 198 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ 20 പോയിന്റായ ഗുജറാത്തിന് കൂടുതൽ ആത്മവിശ്വാസത്തോടെ ചൊവ്വാഴ്ച നടക്കുന്ന ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിങ്സിനെ നേരിടാം. സെഞ്ചറി തികച്ച ഓപ്പണർ ശുഭ്മാൻ ഗിൽ (52 പന്തിൽ 104*), വിജയ് ശങ്കർ (35 പന്തിൽ 53) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിന്റെ വിജയത്തിൽ നിർണായകമായത്. മറുപടി ബാറ്റിങ്ങിൽ, വൃദ്ധിമാൻ സാഹയും (14 പന്തിൽ 12), ശുഭ്മാൻ ഗില്ലും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഗുജറാത്തിനു നൽകിയത്. മൂന്നാം ഓവറിൽ സാഹയെ പുറത്താക്കി സിറാജ് ബാംഗ്ലുരിനു ബ്രേക്ക്ത്രൂ നൽകി.
എന്നാൽ രണ്ടാം വിക്കറ്റിൽ ഗില്ലും വിജയ് ശങ്കറും ഒന്നിച്ചതോടെ മത്സരം ബാംഗ്ലൂർ കൈവിട്ടു. ഇരുവരും ചേർന്ന് 123 റണ്‍സാണ് കൂട്ടിച്ചേർത്തത്. എട്ടു സിക്സും അഞ്ചും ഫോറും സഹിതമാണ് ശുഭ്മാൻ ഗിൽ സീസണിലെ രണ്ടാം സെഞ്ചറി തികച്ചത്. രണ്ടു സിക്സും ഏഴും ഫോറുമാണ് വിജയ് ശങ്കറിന്റെ ബാറ്റിൽനിന്നു പിറന്നത്. 15–ാം ഓവറിൽ വി.വൈശാഖാണ് വിജയ് ശങ്കറിനെ പുറത്താക്കിയത്. തൊട്ടടുത്ത ഓവറിൽ, പിന്നാലെയെത്തിയ ദസുൻ ശനകയും (പൂജ്യം) പുറത്തായി. 18–ാം ഓവറിൽ ഡേവിഡ് മില്ലറിനെയും (7 പന്തിൽ 6) സിറാജ് പുറത്തായതോടെ ഗുജറാത്ത് ചെറുതായൊന്നു പരുങ്ങി.
അവസാന ഓവറിൽ എട്ടു റൺസാണ് ഗുജറാത്തിന് വിജയത്തിനായി വേണ്ടിയിരുന്നത്. എന്നാൽ വെയ്‌ൻ പാർണൽ എറിഞ്ഞ ആദ്യ പന്തു തന്നെ വൈഡായി. അടുത്ത പന്ത് നോബോൾ ആയതോടെ വിജയലക്ഷ്യം ആറു പന്തിൽനിന്ന് ആറ് എന്ന നിലയിലായി. 98* എന്ന റൺസിൽ നിന്ന ഗിൽ അടുത്ത പന്ത് സിക്സർ പറത്തിയതോടെ ഗുജറാത്തിന് മിന്നും ജയം. കൂടാതെ ഗില്ലിന് സീസണിലെ രണ്ടാം സെഞ്ചറിയും.
നേരത്തെ വിരാട് കോഹ്ലിയും ഫാഫ് ഡുപ്ലെസിയും ചേർന്ന് ബംഗളൂരുവിന് മികച്ച തുടക്കമാണ് നല്കിയത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായെങ്കിലും കോഹ്ലി ബംഗളൂരുവിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചു. സീസണിൽ കോഹ് ലിയുടെ തുടർച്ചയായ രണ്ടാം സെഞ്ചറിയാണിത്. കഴിഞ്ഞ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയും കോഹ് ലി സെഞ്ചറി നേടിയിരുന്നു. ഐപിഎലിൽ ഏറ്റവുമധികം സെഞ്ചറി നേടുന്ന താരമെന്ന റെക്കോർഡും കോഹ് ലി സ്വന്തമാക്കി. ആറു സെഞ്ചറികളുള്ള ക്രിസ് ഗെയിലിന്റെ റെക്കോർഡാണ് ഏഴാം സെഞ്ചറി നേട്ടത്തിലൂടെ കോഹ് ലി തിരുത്തിയത്.
വിരാട്കോഹ് ലി യും ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും (19 പന്തിൽ 28) ചേർന്ന് ഒന്നാം വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 62 റൺസെന്ന നിലയിലായിരുന്നു ബാംഗ്ലൂർ. എട്ടാം ഓവറിൽ ഡുപ്ലെസിയെ പുറത്താക്കി നൂർ അഹമ്മദാണ് കൂട്ടുകെട്ട് പൊളിച്ചത്.എന്നാൽ ഇതിനുശേഷമെത്തിയ ബാറ്റർമാർക്ക് ആർക്കും ഏറെ നേരം പിടിച്ചുനിൽക്കാനായില്ല. ഗ്ലെൻ മാക്‌സ്‌വെൽ (5 പന്തിൽ 11), മഹിപാൽ ലോംറോർ (3 പന്തിൽ 1), മൈക്കൽ ബ്രേസ്‌വെൽ (16 പന്തിൽ 26), ദിനേഷ് കാർത്തിക് (പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ. ഒരറ്റത്ത് പിടിച്ചുനിന്ന വിരാട് കോഹ് ലി യാണ് ബാംഗ്ലൂർ സ്കോർ മുന്നോട്ടു നയിച്ചത്. ഏഴാമനായി ഇറങ്ങിയ അനൂജ് റാവത്തിനെ (15 പന്തിൽ 23*) കൂട്ടുപിടിച്ചാണ് കോഹ് ലി , ബാംഗ്ലൂർ സ്കോർ 190 കടത്തിയത്. ഗുജറാത്തിനായി നൂർ അഹമ്മദ് രണ്ടു വിക്കറ്റും റാഷിദ് ഖാൻ, മുഹമ്മദ് ഷമി, യഷ് ദയാൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.