അഹമ്മദാബാദ്: ഐപിഎൽ 16-ാം സീസണിലെ ഫൈനൽ മത്സരത്തിൽ ടോസ് നേടിയ ചെന്നൈ സൂപ്പർ കിംഗ്സ് ബൗളിംഗ് തെരഞ്ഞെടുത്തു. മഴഭീഷണി നിലനിൽക്കുന്നത് മൂലമാണ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചതെന്ന് സിഎസ്കെ നായകൻ മഹേന്ദ്ര സിംഗ് ധോണി അറിയിച്ചു.
ഫൈനൽ മത്സരത്തിന്റെ റിസർവ് ദിനത്തിൽ മഴ എത്താതിരുന്നതോടെ നിശ്ചിത സമയത്ത് തന്നെ മത്സരം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഗുജറാത്ത് ടൈറ്റൻസിനെ ഒന്നാം ക്വാളിഫയറിൽ പരാജയപ്പെടുത്തിയ അതേ ടീമിനെ തന്നെയാണ് ധോണിപ്പട ഇന്നും കളത്തിലിറക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരെ രണ്ടാം ക്വാളിഫയറിൽ പോരാടിയ ടീമിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ടൈറ്റൻസ് പോരിനിറങ്ങുന്നത്. ഞായറാഴ്ച രാത്രി 10:45-ന് ശേഷം മേഖലയിൽ മഴ പെയ്തിട്ടില്ലെന്നത് ആരാധകർക്ക് ആശ്വാസമാണ്.
ഗുജറാത്ത് ടൈറ്റൻസ് കളിക്കാതെ കപ്പടിക്കുന്നത് എങ്ങനെ?
* രാത്രി 12:06-ന് മുമ്പ് മത്സരം ആരംഭിക്കാനായാൽ സൂപ്പർ ഓവർ നടത്തി വിജയിയെ നിശ്ചിയിക്കുമെന്നാണ് ഐപിഎൽ അധികൃതർ അറിയിച്ചിരിക്കുന്നത്. ഇത് സാധ്യമായില്ലെങ്കിൽ, അതായത് മത്സരത്തിൽ ഒരു പന്ത് പോലും എറിയാനാവാത്ത സാഹചര്യം ഉടലെടുത്താൽ പോയിന്റ് ടേബിളിലെ ആധിപത്യം ഗുജറാത്തിന് തുണയാകും.
* ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ നിയമം അനുസരിച്ച് ഏതെങ്കിലും മത്സരം റിസർവ് ദിനത്തിലും ആരംഭിക്കാൻ പോലും സാധിച്ചില്ലെങ്കിൽ, റദ്ദാക്കിയ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ലീഗ് സ്റ്റേജിലെ പോയിന്റുകൾ പരിശോധിക്കും. ലീഗിലെ മത്സരങ്ങൾ പൂർത്തിയായ സമയത്ത് ഏത് ടീമാണോ മുന്നിട്ട് നിന്നത് മത്സരത്തിന്റെ വിജയി ആയി പ്രഖ്യാപിക്കും.
* ഈ നിയമം പ്രയോഗിക്കേണ്ടി വന്നാൽ, ലീഗിൽ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിനെ മറികടന്ന് ചാമ്പ്യന്മാരാകും.