ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിൽ, 851 റൺസുമായി ശുഭ്മാൻ ഗിൽ റൺവേട്ടയിൽ ഒന്നാമത്

അഹമ്മദാബാദ് : മുൻ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റാൻസ് ഐ.പി.എൽ ഫൈനലിലെത്തി. സീസണിലെ മൂന്നാം ഐ.പി.എൽ സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ കത്തിക്കയറിയ മത്സരത്തിൽ 62 റൺസിനായിരുന്നു ഗുജറാത്തിന്റെ ജയം. ഇതോടെ 851 റൺസുമായി ശുഭ്മാൻ ഗിൽ ഈ സീസൺ റൺവേട്ടയിൽ ഒന്നാമതായി .  

ഇന്നലെ അഹമ്മദാബാദിൽ നടന്ന രണ്ടാം ക്വാളിഫയറിൽ ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ മുംബയ് ഗില്ലിന്റെയും സായ് സുദർശിന്റയും (43),ഹാർദിക് പാണ്ഡ്യയു‌ടെയും മികവിൽ 233/3 എന്ന സ്കോർ ഉയർത്തിയപ്പോൾ മുംബയ്‌യുടെ മറുപടി .18.2 ഓവറിൽ 171ൽ അവസാനിക്കുകയായിരുന്നു. സൂര്യകുമാർ യാദവ്(61), തിലക് വർമ്മ (43),കാമറൂൺ ഗ്രീൻ (30) എന്നിവർ പൊരുതിയെങ്കിലും വിക്കറ്റുകൾ ചോർന്നതോടെ മുംബൈ വീ‌ഴുകയായിരുന്നു. ഗുജറാത്തിന് വേണ്ടി മോഹിത് ശർമ്മ 2.2 ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ചുവിക്കറ്റുകൾ വീഴ്ത്തി. ഷമിക്കും റാഷിദ് ഖാനും രണ്ട് വിക്കറ്റ് വീതവും ജോഷ് ലിറ്റിലിന് ഒരു വിക്കറ്റും ലഭിച്ചു.

ശ്രദ്ധയോടെ തുടങ്ങിയ ഗിൽ പിന്നീട് കൊടുങ്കാറ്റായി വീശിയടിച്ചതോടെ മുംബൈ  ബൗളർമാർ നാലുപാടും പറന്നു. ഏഴു ഫോറുകളും 10 സിക്സുകളുമാണ് ഗിൽ പറത്തിയത്. വൃദ്ധിമാൻ സാഹയ്ക്കൊപ്പം (18) ഓപ്പണിംഗിൽ 6.2 ഓവറിൽ 54 റൺസാണ് ഗിൽ കൂട്ടിച്ചേർത്തത്. പിയൂഷ് ചൗളയെ ഇറങ്ങിയടിക്കാനൊരുങ്ങിയ സാഹയെ ഇഷാൻ സ്റ്റംപ് ചെയ്ത ശേഷം ക്രീസിലെത്തിയ സായ് സുദർശനെ കൂട്ടുനിറുത്തിയാണ് ഗിൽ കത്തിക്കയറിയത്. 63 പന്തുകളിൽ നിന്ന് 138 റൺസ് കൂട്ടിച്ചേർത്ത സഖ്യം 17-ാം ഓവറിൽ പിരിയുമ്പോൾ ഗുജറാത്ത് 192/2 എന്ന സ്കോറിലെത്തിയിരുന്നു. വ്യക്തിഗത സ്കോർ 129ൽ വച്ച് ആകാശ് മധ്വാളാണ് ഗില്ലിനെ മടക്കി അയച്ചത്. തുടർന്ന് സായ്‌യും ഹാർദിക്കും (28 നോട്ടൗട്ട് ) ചേർന്ന് 200 കടത്തി. 214ൽ വച്ച് സായ് മടങ്ങി. ഈ സീസണിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം ടോട്ടലിലെത്തിച്ച ശേഷമാണ് ഹാർദിക്കും റാഷിദ് ഖാനും (5*) തിരിച്ചുനടന്നത്.

ഞായറാഴ്ച നടക്കുന്ന ഫൈനലിൽചെന്നൈ സൂപ്പർ കിംഗ്സാണ് ഗുജറാത്ത് ടൈറ്റാൻസിന്റെ എതിരാളികൾ. ആദ്യക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിലെത്തിയിരുന്നത്. തുടർച്ചയായ രണ്ടാം സീസണിലാണ് ഗുജറാത്ത് ഫൈനലിലെത്തുന്നത്.കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചാണ് ഹാർദിക് പാണ്ഡ്യയും സംഘവും കിരീടമുയർത്തിയിരുന്നത്.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *