ജയ്പുർ: സ്വന്തം കാണികൾക്കും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു മുന്നിലും 112 റൺസിന് തലകുനിച്ചു മടങ്ങിയ സഞ്ജുവിനും കൂട്ടർക്കും ഐപിഎൽ പ്ലേഓഫ് സാധ്യത അകലുന്നു . ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ ടീം സ്കോർ നേടി പുറത്തായ രാജസ്ഥാൻ റോയൽസ് ആർസിബി ഉയർത്തിയ 172 റൺസ് വിജയലക്ഷ്യത്തിനുള്ള പ്രയാണത്തിൽ വെറും 59 റൺസിനാണ് ഓൾഔട്ടായത്. പരാജയത്തോടെ 13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി റോയൽസ് ലീഗ് പട്ടികയിൽ ആറാം സ്ഥാനത്താണ്. സമാന പോയിന്റുള്ള ആർസിബി മികച്ച റൺനിരക്കിന്റെ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനത്തെത്തി.
സ്കോർ:
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 171/5(20)
രാജസ്ഥാൻ റോയൽസ് 59/10(10.3)
വെടിക്കെട്ട് ബാറ്റിംഗ് നിരയുണ്ടെന്ന ആത്മവിശ്വാസത്തിൽ ബാറ്റിംഗിനിറങ്ങിയ റോയൽസിനെ ഞെട്ടിച്ച് ജോസ് ബട്ലർ, യശ്വസി ജെയ്സ്വാൾ എന്നിവർ സംപൂജ്യരായി മടങ്ങി. പിന്നാലെയെത്തിയ നായകൻ സഞ്ജു സാംസൺ നാല് റൺസ് നേടി വെയ്ൻ പാർണലിന് വിക്കറ്റ് നൽകി മടങ്ങിയതോടെ 1.4 ഓവറിൽ 7-3 എന്ന നിലയിലായി ആതിഥേയർ.
ഐപിഎല്ലിൽ ഒരു അവസരത്തിനായി ഏറെ കാത്തിരുന്ന ജോ റൂട്ട് 10 റൺസ് മാത്രമാണ് നേടിയത്. ദേവ്ദത്ത് പടിക്കൽ(10), ദ്രുവ് ജൂറൽ(4) എന്നിവരടക്കം റോയൽസ് നിരയിലെ ഒമ്പത് ബാറ്റർമാരും ഒറ്റയക്ക സ്കോറിനാണ് പുറത്തായത്. 19 പന്തിൽ തുടർച്ചയായ മൂന്ന് സിക്സടക്കം അഞ്ച് ബൗണ്ടറികൾ പായിച്ച ഷിംറോൺ ഹെറ്റ്മെയർ 35 റൺസ് നേടി ടീമിന്റെ മാനം കാത്തു.
സ്ഥിരം തല്ലുകൊള്ളികളായ ആർസിബി നിര ഉണർന്ന് പ്രവർത്തിച്ചതും റോയൽസ് ബാറ്റർമാരുടെ ഉഴപ്പൻ ശൈലിയും ചെറിയ സ്കോറിൽ ചേസ് അവസാനിക്കാൻ കാരണമായി. പാർണൽ മൂന്നോവറിൽ 10 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി കളിയിലെ താരമായി. മൈക്കൽ ബ്രേസ്വെൽ, കരൺ ശർമ എന്നിവർ രണ്ടും മുഹമ്മദ് സിറാജ്, ഗ്ലെൻ മാക്സ്വെൽ എന്നിവർ ഓരോ വിക്കറ്റ് വീതവും പിഴുതു.
നേരത്തെ, ഫാഫ് ഡുപ്ലെസി( 44 പന്തിൽ 55), മാക്സ്വെൽ(33 പന്തിൽ 54) എന്നിവരുടെ കരുത്തിലാണ് ആർസിബി ഭേദപ്പെട്ട സ്കോറിലെത്തിയത്. മധ്യനിര പതറിയെങ്കിലും 11 പന്തിൽ 29* റൺസ് നേടിയ അനൂജ് റാവത്ത് ടീമിനായി അവസാനം വരെ പൊരുതി. ഈ തോൽവിയോടെ, ശേഷിക്കുന്ന ഒരു ലീഗ് മത്സരത്തിൽ വിജയിച്ചാലും റോയൽസിന് പ്ലേഓഫ് ഉറപ്പിക്കാനാകില്ല. മറ്റ് ടീമുകളുടെ പ്രകടനവും മികച്ച റൺറേറ്റിന്റെ ആനുകൂല്യവും ഉണ്ടെങ്കിൽ മാത്രമാകും ടീമിന് അവസാന നാലിലേക്ക് മുന്നേറാൻ സാധിക്കുക.