ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നോ സൂപ്പർ ജയ്ന്റ്സിന് ജയം. ഏഴ് വിക്കറ്റിനാണ് ലക്നോ ഹൈദരാബാദിനെ വീഴ്ത്തിയത്. സ്കോർ: ഹൈദരാബാദ് 182-6 (20), ലക്നോ 185-3 (19.2). ജയത്തോടെ ലക്നോ 13 പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്തെത്തി. രാജസ്ഥാനെ പിന്തളിയാണ് ലക്നോ നാലിലെത്തിയത്. എട്ട് പോയിന്റുള്ള ഹൈദരാബാദ് ഒൻപതാം സ്ഥാനത്താണ്.
ഹൈദരാബാദ് ഉയർത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ലക്നോ തുടക്കത്തിൽ റണ്‍സ് കണ്ടെത്താൻ വിഷമിച്ചു. ഇതിനിടെ കൈൽ മേയേഴ്സണെ ( 14 പന്തിൽ 2) നഷ്ടമായി. പിന്നീട് ക്വിന്റണ്‍ ഡി കോക്കും (19 പന്തിൽ 29) പ്രേരക് മാങ്കടും ചേർന്ന് ലക്നോവിനെ മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്ന് 42 റണ്‍സ് പടുത്തുയർത്തു. ഇതിനിടെ ഡികോക്ക് പുറത്തായി.
പിന്നീട് മാർക്കസ് സ്റ്റോയിൻസനെ (25 പന്തിൽ 40) ഒപ്പം ചേർന്ന് മാങ്കട് സ്കോറിംഗ് വേഗത്തിലാക്കി. മാർക്കസ് മടങ്ങിയതോടെ ക്രീസിലെത്തിയ നിക്കോളാസ് പൂരൻ പിന്നീട് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. മാങ്കട് 45 പന്തിൽ 64 റണ്‍സുമായി പുറത്താകാതെ നിന്നു. പൂരൻ 13 പന്തിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ 44 റണ്‍സെടുത്ത് ടീമിനെ വിജയത്തിൽ എത്തിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനായി അൻമോൽപ്രീത് സിംഗ് (36), രാഹുൽ ത്രിപാഠി (20), ഐഡൻ മാർക്രം (28), ഹൈൻ റിച്ച് ക്ലാസ്സെൻ (47), അബ്ദുൽ സമദ് (37) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.