കൊൽക്കത്ത: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. അഞ്ച് വിക്കറ്റിനായിരുന്നു കൊൽക്കത്ത യുടെ ജയം. വരുണ്‍ ചക്രവർത്തി ,ക്യാപ്റ്റൻ നിതീഷ് റാണ എന്നിവരുടെ മികച്ച പ്രകടനത്തിനൊപ്പം ആന്ദ്രെ റസലിന്റെ വെട്ടിക്കെട്ടും ചേർന്നപ്പോൾ അവസാന പന്തിലായിരുന്നു കൊൽക്കത്തയുടെ ജയം. സ്കോർ: പഞ്ചാബ് 179-7 (20), കൊൽക്കത്ത 182-5 (20).
പഞ്ചാബ് ഉയർത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത യ്ക്ക് ഓപ്പണർ ജെയ്സണ്‍ റോയി മികച്ച തുടക്കമാണ് കുറിച്ചത്. 15 റണ്‍സെടുത്ത ഗുർബാസിന്റെ വിക്കറ്റാണ് കൊൽക്കത്ത യ്ക്ക് ആദ്യം നഷ്ടമായത്. പിന്നാലെ ജെയ്സണ്‍ റോയിയും (24 പന്തിൽ 38) മടങ്ങി. നായകൻ നിതീഷ് റാണെ പിന്നീട് ടീമിനെ മുന്നോട്ടു നയിച്ചു. 38 പന്തുകൾ നേരിട്ട റാണെ ഒരു സിക്സും ആറ് ഫോറും ഉൾപ്പെടെ 51 റണ്‍സെടുത്തു. വെങ്കടേഷ് അയ്യർ 11 റണ്‍സും നേടി.
അവസാന ഓവറുകളിൽ തകർത്തടിച്ച ആന്ദ്രെ റസലാണ് കൊൽക്കത്ത യ്ക്ക് ജയം സമ്മാനിച്ചത്. 23 പന്തിൽ മൂന്ന് വീതം സിക്സും ഫോറും ഉൾപ്പെടെ 42 റണ്‍സാണ് റസൽ അടിച്ചെടുത്തത്. റിങ്കു സിംഗ് പുറത്താകാതെ പത്ത് പന്തിൽ 21 റണ്‍സെടുത്തു. അവസാന പന്ത് ബൗണ്ടറി പായിച്ചാണ് റിങ്കു ജയം ആഘോഷിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പഞ്ചാബ്, ശിഖർ ധവാന്റെ അർധസെഞ്ചുറി ഇന്നിംഗ്സിലൂടെയാണ് 179 റണ്‍സിലെത്തിയത്. ഓപ്പണർമാരായ പ്രഭ്സിമ്രൻ സിംഗ് (12), ഭനുക രജപക്സെ (0) എന്നിവരെ പുറത്താക്കി പുതുമുഖ പേസർ ഹർഷിത് റാണ തുടക്കത്തിൽത്തന്നെ പഞ്ചാബിന് ഇരട്ടപ്രഹരമേൽപ്പിച്ചു. 47 പന്തിൽ ഒരു സിക്സും ഒന്‍പത് ഫോറും അടക്കം 57 റണ്‍സ് നേടിയ ശിഖർ ധവാനാണ് പഞ്ചാബിനെ മുന്നോട്ടുനയിച്ചത്.
ലിയാം ലിവിംഗ്സ്റ്റണ് (15), ജിതേഷ് ശർമ (21), ഋഷി ധവാൻ (19) എന്നിവരെ വരുണ്‍ ചക്രവർത്തി പുറത്താക്കി. ഷാരൂഖ് ഖാനും (എട്ട് പന്തിൽ 21 നോട്ടൗട്ട്) ഹർപ്രീത് ബ്രാറുമാണ് (ഒൻപത് പന്തിൽ 17 നോട്ടൗട്ട്) പഞ്ചാബിനെ 179ൽ എത്തിച്ചത്. എട്ടാം വിക്കറ്റിൽ ഷാരൂഖും ഹർപ്രീതും ചേർന്ന് 16 പന്തിൽ 40 റണ്‍സ് അടിച്ചുകൂട്ടി. കൊൽക്കത്ത യ്ക്കായി നാല് ഓവറിൽ 26 റണ്‍സ് വഴങ്ങിയ മൂന്ന് വിക്കറ്റ് വരുണ്‍ സ്വന്തമാക്കി. ജയത്തോടെ കൊൽക്കത്ത പത്ത് പോയിന്റുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്തെത്തി.