ന്യൂഡൽഹി: ഐഎന്‍എസ് വിക്രാന്തിലേക്ക് രാത്രിയിൽ പറന്നിറങ്ങി ഇന്ത്യൻ നാവിക സേനയുടെ മിഗ് 29 കെ യുദ്ധവിമാനം. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തിലേക്ക് ആദ്യമായാണ് മിഗ് 29 കെ രാത്രി ലാൻഡ് ചെയ്യുന്നത്. വിമാന വാഹിനികളുടെ റൺവേയിൽ രാത്രി യുദ്ധവിമാനങ്ങൾ ഇറക്കുന്നത് അതീവ ദുഷ്കരമാണ്. കപ്പലിലെ നാവിക സേനാംഗങ്ങളുടെയും നാവിക പൈലറ്റുമാരുടെയും മികവും പ്രഫഷനലിസവുമാണു രാത്രി ലാൻഡിങ് വിജയമാക്കിയതെന്നു നാവികസേന അറിയിച്ചു.
വിജയകരമായി രാത്രി ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയ വിവരം ഇന്ത്യൻ നാവിക സേന തന്നെയാണ് അറിയിച്ചത്. വിമാനം പറന്നിറങ്ങുന്നതിന്റെ ദൃശ്യങ്ങളും പങ്കുവച്ചിട്ടുണ്ട്.
#IndianNavy achieves another historic milestone by undertaking maiden night landing of MiG-29K on @IN_R11Vikrant indicative of the Navy’s impetus towards #aatmanirbharta.#AatmaNirbharBharat@PMOIndia @DefenceMinIndia pic.twitter.com/HUAvYBCnTH— SpokespersonNavy (@indiannavy) May 25, 2023
ഫെബ്രുവരിയിലാണു വിക്രാന്തിൽ ആദ്യമായി യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത്. മിഗ് 29 വിമാനത്തിനു പുറമെ, തദ്ദേശ നിർമിത ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റും (എൽസിഎ–നാവികസേനാ പതിപ്പ്) അന്നു റൺവേയിൽ ഇറക്കിയിരുന്നു. ഇവ പറന്നുയർന്നുള്ള പരീക്ഷണങ്ങളും വിജയകരമായി പൂർത്തിയാക്കി. ഗോവയ്ക്കും കർണാടകത്തിലെ കാർവാറിനും ഇടയിൽ അറബിക്കടലിൽ ഊർജിത പരീക്ഷണങ്ങളുമായി തുടരുകയാണ് ഐഎൻഎസ് വിക്രാന്ത്. കാർവാർ നാവികത്താവളത്തിൽ സീ ബേഡ് പദ്ധതിയുടെ ഭാഗമായി വിമാന വാഹിനികൾക്കായി പ്രത്യേകം നിർമിച്ച കൂറ്റൻ ബെർത്തിലും ഒരാഴ്ച മുൻപു വിക്രാന്ത് ആദ്യമായി നങ്കൂരമിട്ടിരുന്നു. ഇതിനുശേഷമാണു കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾക്കായി ആഴക്കടലിലേക്കു പോയത്.