ന്യൂഡല്‍ഹി: ലഘു സമ്പാദ്യ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിന്റെ ഭാഗമായാണ് പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളില്‍ പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപിക്കുന്നവര്‍ വരുമാനത്തിന്റെ ഉറവിടം വെളിവാക്കുന്ന തെളിവ് നിര്‍ബന്ധമായി നല്‍കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചത്.
പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇതുസംബന്ധിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. പത്തുലക്ഷത്തിന് മുകളില്‍ നിക്ഷേപമുള്ളവരില്‍ നിന്ന് വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ ഉദ്യോഗസ്ഥരോട് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടു. ബാങ്ക് സ്റ്റേറ്റ്‌മെന്റ്, കഴിഞ്ഞ മൂന്ന് വര്‍ഷം ഫയല്‍ ചെയ്ത ടാക്‌സ് റിട്ടേണുകളില്‍ ഒന്ന്, വരുമാനത്തിന്റെ ഉറവിടം വ്യക്തമാക്കുന്ന മറ്റു രേഖകള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നാണ് വരുമാന സര്‍ട്ടിഫിക്കറ്റായി നല്‍കേണ്ടത്.
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ മൂന്നായി തിരിച്ചിട്ടുണ്ട്. 50,000 രൂപ വരെയുള്ള നിക്ഷേപങ്ങളെ റിസ്‌ക് കുറഞ്ഞ നിക്ഷേപങ്ങളായാണ് കണക്കാക്കുന്നത്. 50,000 രൂപ മുതല്‍ പത്തുലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളെ മീഡിയം റിസ്‌ക് കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പത്തുലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഇതില്‍ വരുന്നവരാണ് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്.
പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ഓപ്പണ്‍ ചെയ്യുമ്പോഴോ,വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുമ്പോഴോ കാലാവധി കഴിഞ്ഞ ലഘു സമ്പാദ്യ പദ്ധതികളുടെ തുക അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യുമ്പോഴോ വരുന്ന തുക കണക്കാക്കിയാണ് റിസക് നിശ്ചയിക്കുന്നത്.