ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ വസതിക്കുനേരെ മുൻ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ അനുയായികളുടെ ആക്രമണം. ഷെഹ്ബാസിന്റെ ലാഹോറിലുള്ള വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. പാക്കിസ്ഥാൻ തെഹ്രീകെ ഇൻസാഫ് പാർട്ടിയിൽ നിന്നുള്ള 500 ലധികം അക്രമികൾ ബുധനാഴ്ച പുലർച്ചെ പ്രധാനമന്ത്രിയുടെ മോഡൽ ടൗൺ ലാഹോറിലെ വസതിയിലെത്തി അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് തീയിട്ടുവെന്ന് പോലീസ് പറഞ്ഞു.
അവർ പ്രധാനമന്ത്രിയുടെ വീടിനുള്ളിലേക്കു പെട്രോൾ ബോംബുകളും എറിഞ്ഞു. പ്രധാനമന്ത്രിയുടെ വീട്ടിൽ അക്രമികൾ ആക്രമണം നടത്തുമ്പോൾ കാവൽക്കാർ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അവിടെ ഒരു പോലീസ് പോസ്റ്റിനും അവർ തീയിട്ടു.കനത്ത പോലീസ് സന്നാഹം അവിടെ എത്തിയതോടെ പിടിഐ പ്രതിഷേധക്കാർ പിരിഞ്ഞുപോയെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രധാനമന്ത്രിയുടെ വസതിയിൽ എത്തുന്നതിനുമുമ്പ്, മോഡൽ ടൗണിലെ ഭരണകക്ഷിയായ പിഎംഎൽ-എൻ സെക്രട്ടേറിയറ്റ് ആക്രമിക്കുകയും അവിടെ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്തു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പഞ്ചാബിൽ 14 സർക്കാർ സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കും 21 പോലീസ് വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടതായി പോലീസ് പറഞ്ഞു. ഭൂമി കൈമാറ്റ അഴിമതി കേസിൽ ഇമ്രാൻ ഖാനെ അറസ്റ്റു ചെയ്തതിലാണ് പാക്കിസ്ഥാനിൽ പ്രതിഷേധം അരങ്ങേറുന്നത്.