ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടികയൊന്നും അമ്മയുടെ കൈയിലില്ല, ബാബുരാജിനെ തള്ളി ഇടവേള ബാബു

കൊച്ചി: ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെ പട്ടിക താരസംഘടനയായ ‘അമ്മ’യുടെ പക്കലുണ്ടെന്ന ബാബുരാജിന്റെ വെളിപ്പെടുത്തൽ തള്ളി ജനറൽ സെക്രട്ടറി ഇടവേള ബാബു. തന്റെ കൈയിൽ നടന്മാരുടെ പട്ടികയൊന്നുമില്ലെന്നും നിർമ്മാതാക്കൾ ഇതുവരെ രേഖാമൂലം പരാതിനൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കൈയില്‍ പട്ടികയൊന്നും ഇല്ല. നിര്‍മ്മാതാക്കള്‍ ഇതുവരെ രേഖാമൂലം പരാതിനല്‍കിയിട്ടില്ല. ‘അമ്മ’യിലും ഇത് ചര്‍ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും. ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോള്‍ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കര്‍ശനപരിശോധനയുണ്ടാകും’, ഇടവേള ബാബു പറഞ്ഞു.

ഒരു പ്രമുഖ നടന്റെ വണ്ടി എക്‌സൈസ് നിര്‍ത്തി പരിശോധിച്ചിരുന്നെങ്കില്‍ മലയാള സിനിമാ ഇന്‍ഡസ്ട്രി പിന്നെ ഉണ്ടാകുമായിരുന്നില്ലായെന്ന് നടൻ ബാബുരാജ് മുൻപ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ലഹരി ഉപയോഗിക്കുന്ന നടന്മാരുടെ ലിസ്റ്റ് പൊലീസിന്റെയും സംഘടനയുടെയും പക്കലുണ്ടെന്നും ലഹരി ഇടപാടുകാരിൽ നിന്നാണ് ഇത്തരം താരങ്ങളുടെ പേരുകൾ പൊലീസിനു ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *