സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്താനായി തെക്കൻ കേരളത്തിൽ നിന്നുള്ള സുഹൃത്തിന്റെ സഹായം തേടി : പോലീസിനോട് ഫർഹാന

തിരൂർ : സിദ്ധിഖിനെ ഹണി ട്രാപ്പിൽ പെടുത്തുന്നതിനായി തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. എന്നാൽ, മറ്റു തിരക്കുകളുള്ളതിനാൽ വരാനാവില്ലെന്ന് ഇയാൾ മറുപടി നൽകി. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഫർഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം. ഇയാളെ കേസിൽ സാക്ഷിയാക്കും.

സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരും. ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാനാണ്‌ പ്രതികൾ ലക്ഷ്യമിട്ടത് . കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാൽ മൂവരും സംസാരം തുടർന്നു.

പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാൻ 3 പേരും ചേർന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. ചെറുത്തുനിൽപ് തുടർന്നപ്പോഴാണ് ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നൽകിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം. 

അതേസമയം, അറസ്റ്റിലായ വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി(22), ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന(19), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. 

കസ്റ്റഡി അനുവദിച്ചാൽ എരഞ്ഞിപ്പാലം ജംക്‌ഷനിലെ ‘ഡി കാസ ഇൻ’ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംക്‌ഷനിലെ ഇലക്ട്രിക് ഉപകരണ വിൽപന സ്ഥാപനം, ട്രോളി ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടകൾ, ഷിബിലി ജോലി ചെയ്ത സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടൽ എന്നിവിടങ്ങളിൽ ഇന്നുതന്നെ പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തും.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *