സിദ്ധിഖിന്റെ മൃതദേഹം കടത്തിയ കാർ കണ്ടെത്തി, പ്രതികൾ ഉപയോഗിച്ചത് ഇരയുടെ കാർ തന്നെ

പാലക്കാട് : ഹോട്ടൽ വ്യാപാരിയെ കൊന്നു ട്രോളി ബാഗിൽ അട്ടപ്പാടി ചുരത്തിൽ ഉപേക്ഷിച്ച കേസിൽ മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. കൊല്ലപ്പെട്ട സിദ്ധിഖിന്റെ കാറിൽ തന്നെയാണ് പ്രതികള്‍ മൃതദേഹം കടത്തിയത്. സിദ്ധിഖിന്റെ കെ എൽ 55 എക്സ് 7709 ഹോണ്ടാ സിറ്റി കാർ  ചെറുതുരുത്തിയില്‍ നിന്നാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു.

നേരത്തേ സിദ്ധിഖിന്റെ കൊലപാതകത്തില്‍ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. വ്യാപാരിയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ട്രോളി ബാഗുകള്‍ വെള്ള നിറത്തിലുള്ള ഹോണ്ടാ സിറ്റി കാറില്‍ കയറ്റുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു സ്ത്രീയേയും പുരുഷനേയും വീഡിയോയില്‍ കാണാം. ആദ്യം പുരുഷന്‍ ട്രോളി ബാഗ് കാറില്‍ കയറ്റുന്നതുകാണാം. ഇതിന് ശേഷം ഒരു സ്ത്രീ വന്ന് കാറിന്റെ ഡിക്കി തുറന്നു കൊടുക്കുന്നതും പിന്നാലെ രണ്ടാമത്തെ ട്രോളി ബാഗ് കയറ്റുന്നതുമാണ് ദൃശ്യങ്ങളിലുണ്ട്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് അട്ടപ്പാടിയിലെ കൊക്കയില്‍ നിന്ന് ട്രോളി ബാഗ് കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇവിടെയെത്തുകയും ട്രോളി ബാഗുകള്‍ കണ്ടെത്തുകയുമായിരുന്നു. ഒരു ബാഗില്‍ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗില്‍ അരയ്ക്ക് കീഴ്‌പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്. സിദ്ധിഖിന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് എ.ടി.എം വഴിയും ഗൂഗിള്‍ പേ വഴിയും പണം പിന്‍വലിച്ചതാണ് കേസില്‍ തുമ്പായത്. പ്രതികളായ ഫര്‍ഹാനയും ഷിബിലിയും നിലവില്‍ ചെന്നൈയില്‍ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ട്രെയിന്‍ മാര്‍ഗം തിരൂരില്‍ എത്തിക്കും. ഇവരെ ചോദ്യം ചെയ്‌തെങ്കില്‍ മാത്രമേ കൊലപാതക കാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *