മലപ്പുറം : ഹോട്ടലുടമയായ സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായെന്ന് പൊലീസ് പറഞ്ഞു. ശരീരഭാഗങ്ങൾ വെട്ടിനുറുക്കി പ്ലാസിക് കവറിലാക്കി ട്രോളി ബാഗിൽ നിറച്ചു, കാലുകൾ മാത്രം മുറിക്കാതെ മടക്കി ഒരു ബാഗിൽ കയറ്റിയെന്നും പൊലീസ് വിശദീകരിച്ചു.
കൊല നടത്തിയ ഹോട്ടലിൽ നിന്ന് പ്രതികൾ എന്ന് സംശയിക്കുന്നവർ പുറത്തേക്കു പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു . ഹോട്ടലിന്റെ തൊട്ടടുത്തുള്ള വസ്ത്രവിൽപനശാലയിലെ സിസിടിവി ക്യാമറിയിലാണ് ദൃശ്യങ്ങൾ പതിഞ്ഞത്. ഈ മാസം 18നാണ് സിദ്ദീഖിനെ കാണാതാകുന്നത്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് കൊലപാതകം നടന്നതെന്നാണ് റിപ്പോർട്ട്. ഇവിടെ ജി 3, ജി4 എന്നിങ്ങനെ രണ്ടു റൂമുകൾ ഈ മാസം 18നാണ് ബുക്ക് ചെയ്തത്. സിദ്ദീഖിന്റെ പേരിലാണ് റൂമുകൾ ബുക്ക് ചെയ്തിരുന്നതെന്നും റിപ്പോർട്ടുണ്ട്. ജി 4ൽ വച്ചാണ് കൊലപാതകം നടന്നതെന്ന സ്ഥിരീകരിക്കാത്ത വിവരവും പുറത്തുവന്നു.
19ന് വൈകിട്ട് 3.09നും 3.19നും ഇടയിൽ ബാഗുകൾ കാറിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. വെള്ളനിറത്തിലുള്ള കാറിലാണ് ബാഗുകൾ കയറ്റിയത്. കാർ പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റിനു ശേഷമാണ് ആദ്യ ബാഗ് കാറിന്റെ ഡിക്കിയിൽ കയറ്റുന്നത്. പിന്നീട് കുറച്ച് സമയത്തിനു ശേഷം അടുത്ത ബാഗുമായി ഒരു യുവതി എത്തുന്നു. ഈ ട്രോളി ബാഗും കാറിൽ കയറ്റിയ ശേഷം ഇരുവരും കാറിൽ കയറുന്നതും കാർ മുന്നോട്ടു നീങ്ങുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. രണ്ടു പേർ ഹോട്ടലിൽ നിന്ന് പുറത്തുവരുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. മൂന്നാമത്തെയാൾ കാറിൽ ഉണ്ടെന്നാണ് നിഗമനം. ഹോട്ടലിലെ സിസിടിവി കേടായിരുന്നെന്നും 19നാണ് പുനഃസ്ഥാപിച്ചതെന്നും ഹോട്ടൽ അധികൃതർ പറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസമായി ഹോട്ടൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
22- വയാസാണ് ഷിബിലിക്ക്, ഫർഹാനയ്ക്കാകട്ടെ 18 -ഉം. ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തമിഴ്നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേരളാ പൊലീസ് സംഘം ചെന്നൈയിലെത്തി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. അതിനിടെ കസ്റ്റഡിയിലുള്ള പ്രതികളിൽ നിന്ന് മൃതദേഹം ഉപേക്ഷിച്ച ഇടമടക്കമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ അട്ടപ്പാടി ഒമ്പതാം വളവിലാണ്, സിദ്ദിഖിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ബാഗുകളിൽ രണ്ടായി വെട്ടി നിറച്ച നിലയിലായിരുന്നു മൃതദേഹം. എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വച്ചായിരുന്നു കൊലപാതകം നടന്നതെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.സംഭവത്തിൽ നാല് പേരെ നിലവിൽ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷിബിലി, സുഹൃത്ത് ഫർഹാന, ഷുക്കൂർ, ആഷിഖ് എന്നിവരാണ് പിടിയിലായത്. സിദ്ദിഖിന്റെ കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു ഷിബിലി. വെറും ജോലിയിൽ നിന്ന് പറഞ്ഞുവിട്ടതിന്റെ പേരിലാണോ ഈ അരുംകൊല തുടങ്ങിയ ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടേണ്ടിയിരിക്കുന്നു.