മലപ്പുറം: ഹോട്ടലുടമയെ കൊലപ്പെടുത്തി കഷണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തിന് കാരണം വ്യക്തവിരോധമാകാമെന്ന് മലപ്പുറം എസ്പി സുജിത് ദാസ്. മൃതദേഹത്തിന് ഏഴ് ദിവസത്തെ പഴക്കമുണ്ട്. ഈ മാസം 18നോ 19നോ ആകാം സിദ്ദിഖ് കൊല്ലപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ പ്രതികളെ വിശദമായ ചോദ്യം ചെയ്ത ശേഷമേ വ്യക്തമാകൂ എന്നും എസ്പി പറഞ്ഞു.
മൊബൈല്‍ ഫോണും സിസിടിവിയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ചില സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലുമാണ് മൃതദേഹം അട്ടപ്പാടിയിലാണ് ഉപേക്ഷിച്ചതെന്ന് വ്യക്തമായത്. സംഭവത്തില്‍ ചെന്നൈയില്‍ അറസ്റ്റിലായ രണ്ട് പ്രതികളെ ഇന്ന് രാത്രിയോടെ മലപ്പുറത്തെത്തിക്കുമെന്നും എസ്പി അറിയിച്ചു. അതിനിടെ കഷണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ സൂക്ഷിച്ച ട്രോളി ബാഗുകള്‍ പുറത്തെത്തിച്ചു. ഒന്‍പതാം വളവിലെ റോഡില്‍നിന്ന് രണ്ട് ട്രോളി ബാഗുകള്‍ വലിച്ചെറിഞ്ഞ നിലയിലായിരുന്നു.ഫയര്‍ഫോഴ്സ് സംഘം പാറക്കെട്ടുകള്‍ക്കിടയില്‍ നിന്ന് ട്രോളി ബാഗുകള്‍ കണ്ടെത്തി. ബാഗ് പലയിടത്തായി പൊട്ടിയിട്ടുണ്ടായിരുന്നതിനാല് ടാര്‍പ്പായയില്‍ പൊതിഞ്ഞ് കെട്ടിയാണ് മൃതദേഹം മുകളിലെത്തിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട്ടേക്ക് കൊണ്ടുപോകും. മലപ്പുറം എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെ എത്തി പരിശോധന നടത്തുകയാണ്.