മലപ്പുറം: തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ വ്യാപാരിയെ കാണാതായത് ഷിബിലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട ദിവസമെന്ന് സിദ്ദിഖിന്റെ സഹോദരന്‍. ഹോട്ടലില്‍ നിന്ന് പണം നഷ്ടമായതിനെ തുടര്‍ന്നാണ് ഷിബിലിയെ ഒഴിവാക്കിയത്. ഷിബിലിയുടെ പെരുമാറ്റദൂഷ്യത്തിനെതിരെ മറ്റ് തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. ശന്വളം നല്‍കിയാണ് ഷിബിലിയെ പിരിച്ചുവിട്ടതെന്നും സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയുമാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത ലഭിക്കുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്. മെയ് 18നാണ് സിദ്ദിഖിനെ കാണാതായത്. 22നാണ് അച്ഛനെ കാണാനില്ലെന്ന് കാട്ടി മകന്‍ പൊലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് സിദ്ദിഖ് കൊല്ലപ്പെട്ടു എന്ന കണ്ടെത്തലിലേക്ക് എത്തിച്ചത്.സിദ്ദിഖിന്റെ കൊലപാതകത്തില്‍ സിസിടിവി ദൃശ്യങ്ങളും എടിഎം കാര്‍ഡുമാണ് നിര്‍ണായകമായത്.
സംഭവത്തിന് മുന്‍പ് കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന സിദ്ദിഖും അതേ ഹോട്ടലിലെ തന്നെ ജീവനക്കാരനായ ഷിബിലിയും ഇയാളുടെ പെണ്‍സുഹൃത്ത് ഫര്‍ഹാനയും കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണ് മുറിയെടുത്തത്. രണ്ടു മുറികളാണ് ബുക്ക് ചെയ്തിരുന്നത്. ഇവിടെ വച്ച് സിദ്ദിഖിനെ കൊന്ന് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി ട്രോളി ബാഗിലാക്കി അട്ടപ്പാടിയില്‍ ഉപേക്ഷിച്ചെന്ന് പ്രതികള്‍ മൊഴി നല്‍കിയെന്നാണ് പൊലീസ് പറയുന്നത്. ഷിബിലിയെയും ഫര്‍ഹാനയെയും ചെന്നൈയില്‍ നിന്നാണ് പിടികൂടിയത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളാണ് സംഭവത്തില്‍ നിര്‍ണായകമായത്. മൂവരും ഒരുമിച്ച് ഹോട്ടലിലേക്ക് പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ തിരിച്ച് പോകുമ്പോള്‍ പ്രതികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കൈയില്‍ ട്രോളി ബാഗ് ഉണ്ടായിരുന്നു. ഇത് വ്യാപാരിയുടെ മൃതദേഹം അടങ്ങിയ ബാഗാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇവര്‍ എരഞ്ഞിപ്പാലത്തെ ഹോട്ടലില്‍ മുറിയെടുത്തത് എന്ന കാര്യത്തില്‍ വ്യക്തത വരാനുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമ്പോള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ് സംഘം.
ഇതിന് പുറമേ സിദ്ദിഖിനെ കാണാതായതിന് പിന്നാലെ ഇയാളുടെ എടിഎം കാര്‍ഡ് നഷ്ടമായിരുന്നു. ഇത് ഉപയോഗിച്ച പ്രതികള്‍ പണം പിന്‍വലിച്ചതായി പൊലീസ് കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായി. അതിനിടെ അട്ടപ്പാടി ഒമ്പതാം വളവില്‍ നിന്ന് രണ്ട് ട്രോളി ബാഗുകള്‍ കണ്ടെത്തി. ഒരെണ്ണം പാറക്കൂട്ടത്തില്‍ കിടക്കുന്ന നിലയിലും രണ്ടാമത്തെ ബാഗ് വെള്ളത്തിലുമാണ് കണ്ടെത്തിയത്. മുകളില്‍ നിന്ന് വലിച്ചെറിഞ്ഞ നിലയിലാണ് ട്രോളി ബാഗുകള്‍. എന്നാല്‍ ഇത് വ്യാപാരിയെ കൊന്ന് കഷ്ണങ്ങളാക്കി അട്ടപ്പാടിയില്‍ കൊക്കയിലേക്ക് തള്ളിയെന്ന് പറയുന്ന ബാഗുകള്‍ തന്നെയാണോ എന്ന് പൊലീസിന് സ്ഥിരീകരിക്കേണ്ടതുണ്ട്. കേസ് തിരൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്.