പാലക്കാട് : മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരിയുടെ മൃതദേഹം അട്ടപ്പാടി ചുരത്തിൽ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന ഹോട്ടൽ ജീവനക്കാരനായ ഷിബിലി, ഷിബിലിയുടെ സുഹൃത്ത് ഫർഹാന എന്നിവർ ചെന്നൈയിൽ പൊലീസ് നിരീക്ഷണത്തിലാണെന്ന് അന്വേഷണസംഘം അറിയിച്ചു. ട്രോളി ബാഗ് കണ്ടെത്തിയ അട്ടപ്പാടി ചുരം ഒൻപതാം വളവിനടുത്തു പൊലീസ് കാവൽ ഏർപ്പെടുത്തി. ഇന്നു വിശദമായ പരിശോധന നടത്തും.
കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിലാണു കൊലപാതകം നടന്നതെന്നാണു സൂചന. തിരൂർ പൊലീസ് ഇന്നലെ രാവിലെ എരഞ്ഞിപ്പാലത്തിനു സമീപത്തെ ടൂറിസ്റ്റ് ഹോമിലെത്തി പരിശോധന നടത്തി. സിസിടിവി പരിശോധിച്ചപ്പോൾ കഴിഞ്ഞ ദിവസം 3 പേർ എത്തി മുറിയെടുത്തെന്നും 2 പേർ മാത്രമാണു തിരികെ പോയതെന്നുമുള്ള സൂചന ലഭിച്ചു. കഴിഞ്ഞ 18ന് സിദ്ദീഖിനെ കാണാതായിരുന്നു. 22ന് മകൻ പൊലീസിൽ പരാതി നൽകി. മരിച്ച സിദ്ദീഖിന്റെ ഭാര്യ: ഷക്കീല. മക്കൾ: ഷുഹൈൽ, ഷിയാസ്, ഷാഹിദ്, ഷംല.