മലപ്പുറം: ഹോട്ടൽ വ്യാപാരി സിദ്ദീഖിനെ കോഴിക്കോട്ട് ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലായ പ്രതികളുമായി പോലീസ് ഇന്നു തെളിവെടുപ്പു നടത്തും. അറസ്റ്റിലായ വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി (22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവരെ മലപ്പുറം മജിസ്ട്രേട്ട് കോടതി പതിന്നാലു ദിവസത്തേക്കു റിമാൻഡ് ചെയ്തിരുന്നു.
കഴിഞ്ഞദിവസം അറസ്റ്റിലായ വല്ലപ്പുഴ മേച്ചേരിയിലെ വാലുപ്പറന്പിൽ മുഹമ്മദ് ആഷിഖിനെ വെള്ളിയാഴ്ച രാത്രിതന്നെ റിമാൻഡ് ചെയ്തിരുന്നു. പ്രതികളുമായി കൂടുതൽ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തേണ്ടതിനാൽ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണസംഘം ഇന്നു രാവിലെ കോടതിയിൽ അപേക്ഷ നൽകുമെന്നും പ്രതികളെ വിട്ടുകിട്ടിയശേഷം ഇന്നുതന്നെ തെളിവെടുപ്പ് നടത്തുമെന്നും അന്വേഷണത്തിനു നേതൃത്വം നൽകുന്ന തിരൂർ ഡിവൈഎസ്പി കെ.എം. ബിജു അറിയിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് പാലക്കാട്ടും കോഴിക്കോട്ടുമടക്കം കൂടുതലിടങ്ങളിൽ തെളിവെടുപ്പു നടത്താനുണ്ട്. സിദ്ദീഖിനെ കൊലപ്പെടുത്തിയ ഹോട്ടലിലെത്തിച്ചും തെളിവെടുക്കും. പ്രതികളുമായി നടത്തിയ തെളിവെടുപ്പിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ, രക്തക്കറ മായ്ക്കാനുപയോഗിച്ച വസ്തുക്കൾ, മൃതദേഹം ഉപേക്ഷിക്കാനുപയോഗിച്ച സിദ്ദീഖിന്റെ കാർ ഉൾപ്പെടെയുള്ളവ പോലീസ് കണ്ടെടുത്തിരുന്നു. സിദ്ദീഖിന്റെ ഫോണ് ഇനിയും കണ്ടെത്താനായിട്ടില്ല.
മൃതദേഹാവശിഷ്ടങ്ങൾ കടത്താൻ ഉപയോഗിച്ച ട്രോളി ബാഗ് വാങ്ങിയ കോഴിക്കോട് മാനാഞ്ചിറയിലെ കടയിലും മൃതദേഹം കീറിമുറിക്കാനുപയോഗിച്ച കട്ടർ വാങ്ങിയ കടയിലും പ്രതികളെ എത്തിച്ചു തെളിവെടുക്കും. സിദ്ദീഖിൽനിന്നു പണം തട്ടുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഹണി ട്രാപ്പാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം നടക്കുന്നു.
അതേസമയം, പ്രതികൾ ഹോട്ടൽമുറിയിൽ ക്രൂരകൃത്യം ചെയ്തപ്പോൾ ഹോട്ടൽ ജീവനക്കാരും മറ്റു മുറികളിൽ താമസിക്കുന്നവരും ബഹളം കേട്ടിരുന്നുവോ എന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. ഇക്കാര്യവും പോലീസ് പരിശോധിക്കും. സംഭവസമയത്ത് പ്രതികൾ ഹോട്ടൽ മുറിയിലെ ടിവി ഉച്ചത്തിൽ വച്ചിരുന്നുവെന്നാണ് പോലീസിനു മൊഴി നൽകിയിരിക്കുന്നത്. ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.