കോട്ടയം : കുടുംബാംഗങ്ങൾക്കും സഹപാഠികൾക്കും നാട്ടുകാർക്കും നീറുന്ന നൊമ്പരമായി റിച്ചു മടങ്ങിയത് ഫുൾ എ പ്ലസുമായി. പ്രവിത്താനം തറപ്പേൽ ബെന്നി-മിനി ദമ്പതികളുടെ ഇളയ മകൻ റിച്ചുവിനാണ് പരീക്ഷാ ഫലമറിയും മുമ്പേ ജീവൻ നഷ്‌ടപ്പെട്ടത്. റിച്ചു ബെന്നിയുടെ ഫുൾ എ പ്ലസ് നാടിനാകെ തീരാ നൊമ്പരമായി.
പ്രവിത്താനം സെന്റ് മൈക്കിൾസ് എച്ച്‌എസ്‌എസിൽ കൊമേഴ്‌സ് വിദ്യാർഥിയായിരുന്ന റിച്ചു രക്‌താർബുദത്തെ തുടർന്നാണ് ചൊവ്വാഴ്‌ച മരിച്ചത്. ബുധനാഴ്‌ച സംസ്‌കാരം കഴിഞ്ഞതിന് പിന്നാലെ പരീക്ഷാ ഫലമെത്തി. ഉയർന്ന വിജയം കണ്ട തറപ്പേൽ കുടുംബവും നാട്ടുകാരും മൗനമായി. രണ്ടാഴ്‌ച മുമ്പ് വിട്ടുമാറാത്ത പനിയെ തുടർന്നാണ് റിച്ചുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചിക്കൻപോക്‌സ് ആണെന്നായിരുന്നു ആദ്യ നിഗമനം. ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലെ വിദഗ്‌ദ്ധ പരിശോധനയിലാണ് രക്താർബുദം കണ്ടെത്തിയത്.
റിച്ചുവിന്റെ തിരിച്ചുവരവിനായി കണ്ണീരും പ്രാർഥനയുമായി കാത്തിരിക്കുന്നതിനിടെയാണ് അപ്രതീക്ഷത വിയോഗം. പഠനത്തിൽ മികവ് പുലർത്തിയ റിച്ചു സ്‌കൂളിൽ നാഷണൽ സർവീസ് സ്കീം വളന്റിയർ ലീഡറായിരുന്നു. ബിരുദത്തിനുശേഷം എംഎസ്‌ഡബ്ല്യു നേടി സാമൂഹ്യസേവന രംഗത്ത് പ്രവർത്തിക്കാനായിരുന്നു റിച്ചുവിന്റെ ആഗ്രഹം. പ്രവിത്താനം സെന്റ് അഗസ്‌റ്റിൻസ് ഫൊറോന പള്ളിയിൽ അൾത്താര ബാലനായിരുന്നു.